’റംമസാൻ ബാസ്കറ്റ്’ പദ്ധതിയുമായി ലുലു ഹൈപ്പർ മാർക്കറ്റ്
Wednesday, May 24, 2017 7:24 AM IST
അബുദാബി : റംസാൻ ദിനങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് വിവിധയിനം ഭക്ഷ്യവസ്തുക്കൾ ഉൾക്കൊള്ളുന്ന പ്രത്യേക കിറ്റുകൾ ലഭ്യമാക്കുന്നു. റമസാൻ മാസത്തിൽ നിത്യോപയോഗ സാധനങ്ങൾ ലാഭകരമായ വിലയിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ’റംമസാൻ ബാസ്കറ്റ്’ പദ്ധതിയാണ് നടപ്പിലാക്കുന്നത്. അബുദാബി അൽ വഹ്ദ ലുലുവിൽ നടന്ന ചടങ്ങിൽ സാന്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. ഹാഷിം അൽ നുഐമി ഉദ്ഘാടനം നിർവഹിച്ചു.

രണ്ട് വ്യത്യസ്തയിനം കിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയിട്ടുള്ളത്. പന്ത്രണ്ടും ഇരുപതും ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്നവയാണിത്. യഥാക്രമം എണ്‍പത്തഞ്ചും നൂറ്റിഇരുപതും ദിർഹമാണ് വില. എണ്ണ, അരി, ധാന്യങ്ങൾ, വെള്ളം, ഈന്തപ്പഴം, ഓട്സ്, പഞ്ചസാര എന്നിവയെല്ലാമടങ്ങുന്നതാണ് കിറ്റ്. 32 ശതമാനം ഇളവിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്.

കഴിഞ്ഞവർഷം അഞ്ചുലക്ഷത്തോളം റംസാൻ കിറ്റുകളാണ് ലുലു ഗ്രൂപ്പ് വിറ്റത്. ലുലു ഗ്രൂപ്പ് സിഇഒ സൈഫീ രൂപാവാല, റീജനൽ ഡയറക്ടർ അബൂബക്കർ, ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി.നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള