ബിജു മാത്യുവിന് കൊപ്പെൽ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം
Tuesday, June 19, 2018 12:06 AM IST
കൊപ്പെൽ (ഡാളസ്) ∙ കൊപ്പെൽ സിറ്റി കൗൺസിൽ പ്ലേയ്സ് ആറിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം. മേയ് അഞ്ചിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് നേടാനായിരുന്നില്ല. ജൂൺ 16 നു നടന്ന റണ്ണോഫിൽ എതിർ സ്ഥാനാർഥി ജോൺ ജൂണിനെയാണ് ബിജു പരാജയപ്പെടുത്തിയത്.

പോൾ ചെയ്ത വോട്ടുകളിൽ 57 ശതമാനം വോട്ട് ബിജുവിന് ലഭിച്ചപ്പോൾ 43 ശതമാനം വോട്ടുകളേ എതിർ സ്ഥാനാർഥിക്ക് നേടാനായുള്ളൂ.

കൊപ്പേൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയിൽ കഴിഞ്ഞ എട്ടു വർഷമായി ബിജു സജീവ സാന്നിധ്യമാണ്. സിറ്റി കൗൺസിലിന്‍റെ വിവിധ കമ്മിറ്റികളിൽ ബിജു അംഗമായിരുന്നു. അമേരിക്കൻ രാഷ്ട്രീയ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബിജു, അടിയുറച്ച ധാർമ്മികതയും അർപ്പണബോധവും സേവന മനസ്ഥിതിയും വച്ചു പുലർത്തുന്ന വ്യക്തിത്വത്തിനുടമയാണ്.

ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ബിജു ഇരുപതുവർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്നു. ഭാര്യ ഷിജി ഫിസിഷ്യൻ അസിസ്റ്റന്‍റാണ്. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.

റിപ്പോർട്ട് : പി. പി. ചെറിയാൻ