സരസ്വതി രങ്കനാഥന് ബെസ്റ്റ് ഏഷ്യൻ എന്‍റർടെയ്നർ അവാർഡ്
Wednesday, April 25, 2018 1:45 AM IST
ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ മ്യുസിഷ്യൻ സരസ്വതി രങ്ക നാഥന് ബെസ്റ്റ് ഏഷ്യൻ എന്‍റർടെയ്നർ അവാർഡ്. ഇല്ലിനോയ്സ് ഹൈഡ് പാർക്ക് ലോഗൻ സെന്‍ററിൽ സംഘടിപ്പിച്ച മുപ്പത്തി ഏഴാമത് ഷിക്കാഗോ മ്യൂസിക്ക് അവാർഡ്സ് ചടങ്ങിൽ വച്ചാണ് സ്വരസ്വതിക്ക് അവാർഡ് സമ്മാനിച്ചത്.

കർണാട്ടിക്ക്, ക്ലാസിക്കൽ, വീണ ആർട്ടിസ്റ്റായ ഷിക്കാഗോയിൽ നിന്നുള്ള ഇവർ ക്രോസ് കൾച്ചറൽ മ്യൂസിക്ക് അംബാസിഡർ കൂടിയാണ്. അമേരിക്കയിലും ഇന്ത്യയിലും നിരവധി സംഗീത പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള സരസ്വതി ഷിക്കാഗോ വേൾഡ് മ്യൂസിക്ക് ഫെസ്റ്റിവലിൽ വീണ വായനയിലൂടെ ശ്രോതാക്കളുടെ മനം കവർന്ന സംഗീതജ്ഞയാണ്.

സംഗീതത്തിന്‍റെ ബാലപാഠങ്ങൾ അഭ്യസിച്ചത് തന്‍റെ മാതാവിൽ നിന്നും അമ്മൂമയിൽ നിന്നുമാണെന്ന് കർണാടകയിൽ ജനിച്ച സരസ്വതി പറഞ്ഞു. ആറ് വയസിൽ വീണവായന പരിശീലനം ആരംഭിച്ചുവെന്നും ഇവർ പറയുന്നു. ലയോള യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് എംബിഎയും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും സരസ്വതി കരസ്ഥമാക്കിയിട്ടുണ്ട്.

സ്വന്തമായി സംഗീത വിദ്യാലയം നടത്തുന്ന ഇവരുടെ ശിഷ്യഗണങ്ങളിൽ പലരും കർണാട്ടിക് ക്ലാസിക്കൽ വോക്കൽ ആൻഡ് വീണയിൽ പ്രശസ്തമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ