ഡാളസിൽ തോക്കുധാരിയുടെ വെടിയേറ്റു മൂന്നു പേർക്ക് പരിക്ക്
Wednesday, April 25, 2018 9:28 PM IST
ഡാളസ്: ഡാളസ് ഹാമിൽട്ടണ്‍ പാർക്കിനുസമീപം ഫോറസ്റ്റ് സെൻട്രൽ ലൈനിലുള്ള ഹോം ഡിപ്പോ പരിസരത്ത് തോക്കുധാരി നടത്തിയ വെടിവയ്പിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ അടക്കം മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ടു പോലീസുകാരുടെ നില അതീവ ഗുരുതരമാണ്.

ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കളവു കേസിൽ അറസ്റ്റ് വാറന്‍റുള്ള പ്രതിയെ ഹോം ഡിപ്പോ പരിസരത്തുവച്ചു പോലീസ് സമീപിച്ചപ്പോൾ, യാതൊരു പ്രകോപനവും കൂടാതെ ഇയാൾ പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു ട്രക്കിൽ രക്ഷപെട്ട പ്രതിയെ മണിക്കൂറുകളോളം നീണ്ടുനിന്ന കാർ ചേയ്സിംഗിനുശേഷം ലവ് ഫീൽഡ് എയർപോർട്ടിനു സമീപത്തു നിന്നാണു പിടികൂടിയത്. അർമാൻഡൊ ലൂയിസ് ജുവാറസ് ആണ് അറസ്റ്റിലായത്.

വനിതാ ഓഫിസറുടെ മുഖത്തും മറ്റൊരു പോലീസ് ഓഫിസറുടെ തലയ്ക്കു പുറകിലുമാണു വെടിയേറ്റത്. ടെക്സസ് ഹെൽത്ത് പ്രിസ്ബറ്റീരിയൻ ഹോസ്പിറ്റലിൽ പ്രവേശിച്ച ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും ഇവർ പോലീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ