നിർമാണത്തിൽ അപാകതയുണ്ടെന്നാരോപണം; ആമ്പല്ലൂർ കേളിത്തോട്ടിലെ പാലത്തിന്റെ നിർമാണം നാട്ടുകാർ തടഞ്ഞു
Thursday, October 27, 2016 3:22 PM IST
ആമ്പല്ലൂർ: കേളിത്തോട്ടിലെ പാലത്തിന്റെ നിർമാണം നാട്ടുകാർ തടഞ്ഞു. പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ചാണ് നാട്ടുകാർ തടഞ്ഞത്. ആമ്പല്ലൂർ – പാലപ്പിള്ളി റോഡ് വികസനത്തിന്റെ ഭാഗമായാണ് തോട്ടിൽ പുതിയ പാലം നിർമിക്കുന്നത്. പഴയപാലം പൊളിച്ചുനീക്കി പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ തോട്ടിലെ തടസങ്ങൾ നീക്കാൻ അധികൃതർ തയ്യാറാവാത്തതാണ് നാട്ടുകാരെ ഷുഭിതരാക്കിയത്. വർഷങ്ങൾക്ക് മുൻപ് കാടാ പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടിലെ വെള്ളം ക്രമീകരിക്കുന്നതിനായി നിർമിച്ച ഭാഗമാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ അധികൃതർ നീക്കം ചെയ്യാതിരുന്നത്.

ഇതു മൂലം തോട്ടിലെ നീരൊഴുക്കിന് തടസം നേരിടുമെന്ന് നാട്ടുകാർ ആരോപിച്ചു. മണലി പുഴയിൽ നിന്നും നെൻമണിക്കര, പുതുക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കേളി പാടത്തേക്കാവശ്യമായ വെള്ളം എത്തിക്കുന്നത് കേളിത്തോട്ടിലൂടെയാണ്. പാലത്തിനടിയിലെ തടസങ്ങൾ നീക്കാതെ വന്നാൽ തോടിന്റെ ഒരു ഭാഗത്ത് വെള്ളക്കെട്ടും മറുഭാഗത്ത് ജലക്ഷാമവും നേരിടും. മൂന്നു മണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിക്ഷേധത്തിനൊടുവിൽ പിഡബ്ല്യുഡി എക്സി. എൻജിനിയറും അളഗപ്പനഗർ പഞ്ചായത്ത് അധികൃതരും സ്‌ഥലത്തെത്തി. പാലത്തിനടിയിലെ തടസങ്ങൾ നീക്കം ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.