സുഗന്ധഗിരി മരംമുറി; അന്വേഷണസംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍
Thursday, May 9, 2024 9:12 AM IST
കല്പറ്റ: വയനാട്ടിലെ സുഗന്ധഗിരി മരംമുറിയില്‍ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍. സസ്പെന്‍ഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് റേഞ്ചര്‍ കെ.നീതു വനംവകുപ്പ് മേധാവിക്ക് നല്കിയ കത്തിലാണ് ആരോപണം.
സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ വനംവകുപ്പ് വിജിലന്‍സ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ക്കെതിരെയാണ് നീതു ഗുരുതര ആരോപണം ഉന്നയിച്ചത്. മാനസികമായും ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് പരാതി.
മരംമുറി നടക്കുന്ന സമയം ആവശ്യമായ ഫീല്‍ഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികള്‍ പരിശോധിക്കാതെയാണ് പാസ് നല്‍കിയതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ റേഞ്ചര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. എന്നാല്‍ തടികള്‍ നേരിട്ട് പരിശോധിച്ചാണ് പാസ് നല്‍കിയതെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ലോഗ്ബുക്കില്‍ ഉള്‍പ്പെടെ ലഭ്യമാണെന്നുമാണ് നീതുവിന്റെ വാദം.
അനധികൃത മരംമുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതല്‍ കണ്ടെടുത്തതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും താന്‍ ഉള്‍പ്പെടെയുള്ള സംഘമാണെന്നുമാണ് ഇവരുടെ വിശദീകരണം. മരംമുറി നടക്കുന്ന കാലയളവില്‍ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുകയായിരുന്നെന്നും ഇവര്‍ വനംമേധാവിക്ക് നല്കിയ കത്തില്‍ പറയുന്നു.