മട്ടാഞ്ചേരിയില്‍ മൂന്നാംനിലയില്‍ നിന്ന് വീണ വിദ്യാര്‍ഥിനി മരിച്ചു
Thursday, April 18, 2024 9:56 AM IST
കൊച്ചി: മട്ടാഞ്ചേരിയില്‍ വീടിന്റെ മൂന്നാംനിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധുവായ നാല് വയസുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. പെണ്‍കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ ഇരുവരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ നാല് വയസുകാരി ചികിത്സയിലാണ്. ഫോര്‍ട്ട്കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച നിഖിത.