കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് കേരളത്തിലെ വിദ്യാർഥി സംരംഭകത്വ രംഗത്തിന് പുതിയ ഉണർവ് നൽകുന്ന ഐഇഡിസി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്നു. ഇന്നും നാളെയും നടക്കുന്ന ഉച്ചകോടിയിൽ കേരളത്തിലെ 569 കോളജുകളിൽനിന്നായി മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നാളെ രാവിലെ ഒന്പതിന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളുടെ സൃഷ്ടിപരമായ ആശയങ്ങളെ സാമൂഹിക നന്മയ്ക്കായി പ്രയോജനപ്പെടുത്താവുന്ന ഉത്പന്നങ്ങളായും സംരംഭങ്ങളായും രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളുടെ (ഐഇഡിസി) സംസ്ഥാനതല സംഗമമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഐഇഡിസി കേന്ദ്രങ്ങളുടെ പ്രതിനിധികളും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും. ഇന്ന് അധ്യാപകർക്കായി നോഡൽ ഓഫീസേഴ്സ് മീറ്റപ്പ് സംഘടിപ്പിക്കും. ദേശീയ നിലവാരത്തിലുള്ള കൂടുതൽ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകൾ സൃഷ്ടിക്കുകയും വിദ്യാർഥികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. വിവിധ കോളജുകളിൽനിന്നായി 250ത്തിലധികം അധ്യാപകർ പരിപാടിയിൽ പങ്കെടുക്കും.
കേരള ഗവൺമെന്റ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സ്പെഷൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഗോവ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡി.എസ്. പ്രശാന്ത്, ഇന്ത്യൻ സ്റ്റെപ്സ് ആൻഡ് ബിസിനസ് ഇൻകുബേറ്റേഴ്സ് അസോസിയേഷൻ തലവൻ പ്രസാദ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ നടത്തും. വിദ്യാർഥികളിൽ പുതുമയാർന്ന ആശയങ്ങൾ വളർത്തിയെടുക്കുന്നതിനും നേതൃക്ഷമത വികസിപ്പിക്കുന്നതിനുമായി ഐഇഡിസി ലീഡ്സ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ കോളജുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 250-ലധികം വിദ്യാർഥികൾ ഇതിൽ പങ്കെടുക്കും. ഐഇഡിസി പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചും പുതിയ സംരംഭങ്ങൾ ആരംഭിച്ചും ഉയർന്ന തൊഴിൽമേഖലകളിൽ എത്തിച്ചേരുകയും ചെയ്ത പൂർവ വിദ്യാർഥികളും വിദഗ്ധരുമാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
നവീന ഉത്പന്നങ്ങളുടെ പ്രകാശനം നാളെ
നാളെ നടക്കുന്ന പ്രധാന ഉച്ചകോടിയിൽ വിദ്യാർഥികൾക്കായി ബിസിനസ്, ഇൻവെസ്റ്റ്മെന്റ്, ടെക്നോളജി എന്നീ മൂന്ന് മേഖലകളിലായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഐഇഡി വിദ്യാർഥി അംഗങ്ങൾ വികസിപ്പിച്ചെടുത്ത ആറു നവീന ഉത്പന്നങ്ങളുടെ പ്രകാശനവും നടക്കും. കൂടാതെ, വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഏകദേശം 25 ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. ടെക്നോളജി വിഭാഗത്തിൽ ഐബിഎം, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) റോയൽ എൻഫീൽഡ്, എഐസിടിഇ ഐഡിയ ലാബ്, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടിയുടെ സ്റ്റാർട്ടപ്പിലേക്കുള്ള ചിപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സാങ്കേതിക ശില്പശാലകൾ നടക്കും. ബിസിനസ് വിഭാഗത്തിൽ ഓക്സിജൻ ഡിജിറ്റൽ സൊലൂഷൻസ് സ്ഥാപകൻ ഷിജോ കെ. തോമസ് ഉൾപ്പെടെയുള്ള സംരംഭകരും സ്റ്റാർട്ടപ്പ് സ്ഥാപകരും ഉൾപ്പെടെ അന്പതിൽപരം വിദഗ്ധർ പങ്കെടുക്കുന്ന ക്ലാസുകളും ചർച്ചകളും നടത്തും.
ഇൻവെസ്റ്റ്മെന്റ് വിഭാഗത്തിൽ ഏയ്ഞ്ചൽ ഇൻവെസ്റ്റർ നാഗരാജ പ്രകാശം, കേരള ഏയ്ഞ്ചൽ നെറ്റ്വർക്ക് പ്രതിനിധികൾ, പേറ്റന്റ് അറ്റോണികൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച രീതിയിൽ പ്രവർത്തിച്ച കോളജ് തല ഐഇഡിസി കേന്ദ്രങ്ങൾക്ക് അംഗീകാരങ്ങളും മികച്ച നേതൃത്വം കാഴ്ചവച്ച വിദ്യാർഥികൾക്ക് പുരസ്കാരങ്ങളും ഐഇഡിസി ക്ലസ്റ്റർ ഹാക്കത്തണിലെ വിജയകൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.
സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം
കേരളത്തിലെ വിദ്യാർഥികളിൽനിന്ന് അടുത്ത ഒരു വർഷത്തിനുള്ളിൽ നൂറിലധികം ടെക്നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ രൂപപ്പെടുത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ - വ്യവസായ മേഖല - സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ആദ്യമായി ഐഇഡിസി സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് പഞ്ഞിക്കാരൻ അറിയിച്ചു.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അമൽജ്യോതിയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് വാലി ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ, എഐസിടിഇ ഐഡിയ ലാബ്, കൂടാതെ റോയൽ എൻഫീൽഡ്, ബോഷ്, യമഹ, ഐഷർ എന്നീ കമ്പനികളുടെ സെന്റ്ർ ഓഫ് എക്സലൻസ് എന്നിവ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് അറിയിച്ചു.
നൂതനാശയ വികസനത്തിനും സാമൂഹികാവശ്യങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും അമൽജ്യോതി എൻജിനിയറിംഗ് കോളജ് പ്രത്യേക പ്രാധാന്യം നൽകുന്നുവെന്നും ഈ രംഗത്ത് കോളജ് കൈവരിച്ച നേട്ടങ്ങളുടെ അംഗീകാരമായാണ് ഐഇഡിസി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് അൽജ്യോതിയെ വേദിയാക്കിയതെന്നും കോളജ് ഡയറക്ടർ റവ.ഡോ. പഴയപറമ്പിൽ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻകുബേറ്ററും ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററും കോളജിലെ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാജ്യത്തിന് മാതൃകയായ നവോത്ഥാന - സംരംഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ ഇത്തരം ഉച്ചകോടികൾ നിർണായകമായ പങ്ക് വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അമൽജ്യോതി കോളജ് ഡയറക്ടർ റവ.ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഐഇഡിസി നോഡൽ ഓഫീസർ അനിഷാമോൾ ഏബ്രഹാം, സിഇഒ സ്റ്റാർട്ടപ്പ് വാലി ടിബിഐ ആൻഡ് ഐഇഡിസി നോഡൽ ഓഫീസർ ഡോ. ഷെറിൻ സാം ജോസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ, എജെസിഇ പ്രഫ. ഡോ. എബി വർഗീസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് അസിസ്റ്റന്റ് വി. ആദർശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.