മുത്തോലപുരത്ത് പ്ലൈവുഡ് കമ്പനി മാലിന്യം നിക്ഷേപിച്ചപ്പോൾ.
ഇലഞ്ഞി: നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ പ്ലൈവുഡ് കമ്പനി ഇലഞ്ഞി മുത്തോലപുരത്ത് വൻതോതിൽ മാലിന്യം തള്ളിയതായി പരാതി. പിഡബ്ല്യുഡി റോഡിനോട് ചേർന്നുള്ള സ്വകാര്യ പുരയിടത്തിലാണ് ടൺ കണക്കിന് വ്യവസായ മാലിന്യങ്ങൾ അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യക്കൂമ്പാരത്തിൽ നിന്നും രാസപദാർഥങ്ങളുടെ രൂക്ഷഗന്ധവും മറ്റ് ദുർഗന്ധവും വമിക്കുന്നതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്.
മഴ പെയ്യുന്നതോടെ മാലിന്യത്തിലെ രാസവസ്തുക്കൾ മണ്ണിലേക്കും സമീപത്തെ ജലസ്രോതസുകളിലേക്കും ഒഴുകിയിറങ്ങി കുടിവെള്ളം മലിനമാകുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
മണ്ണും വായുവും ജലവും മലിനമാക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന തരത്തിൽ മാലിന്യം പുറംതള്ളിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
കൂടാതെ, ഇലഞ്ഞി പഞ്ചായത്തിലെ ജനവാസ മേഖലകളിൽ ഇത്തരം റെഡ് കാറ്റഗറി വ്യവസായങ്ങൾക്ക് ഇനി അനുമതി നൽകാതിരിക്കാൻ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കുമെന്നും, ഇത് തുടർനടപടികൾക്കായി ജില്ലാ കളക്ടർ, വ്യവസായ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വാർഡ് മെമ്പർ ഡോജിൻ ജോൺ അരഞ്ഞാണി എന്നിവർ പറഞ്ഞു.
Tags : Nattuvishesham DistrictNews