മന്ത്രി മോന്‍സ് ജോസഫ് പാലാ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു.
കൂട്ടിക്കൽ: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ചംഗ സംഘത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട് മുതലക്കുഴിയിൽ ബാലകൃഷ്ണൻ നായരെയും കുടുംബത്തെയുമാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ബാലകൃഷ്ണൻ നായരുടെ വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ പ്രധാന ഭാഗങ്ങളിലേക്കും മുറികൾക്കുള്ളിലേക്കും മണ്ണും ചെളിയും ഇരച്ചുകയറിയതോടെ ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തെത്താനാകാതെ അകപ്പെടുകയായിരുന്നു.
ഓട്ടിസം ബാധിച്ച പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ളവരാണ് വീടിനുള്ളിൽ കുടുങ്ങിപ്പോയത്. വീട് ഭാഗികമായി തകരുകയും ചെയ്തു.
തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് അധികൃതരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും നിർദേശാനുസരണം കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുകയും വീടിനുള്ളിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു.
ഇവരെ ഏന്തയാറ്റിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ സമീപവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.