കളറാക്കാം... തൊടുപുഴയിലെ പൂക്കടയില്‍ ഓണത്തോടനുബന്ധിച്ച് വില്‍പ്പനയ്ക്കു തയാറായിരിക്കുന്ന വിവിധ തരത്തിലുള്ള പൂക്കള്‍.
തൊടുപുഴ: ഓണാഘോഷം വര്‍ണാഭമാക്കാന്‍ പൂ വിപണി സജീവം. പതിവുപോലെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്തവണയും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ചിങ്ങത്തിലെ വിവാഹസീസണ് കൂടി കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ വിപണിയില്‍ പൂവില ഉയര്‍ന്നുതുടങ്ങി.
തമിഴ്നാട്ടിലെ തോവാള, ശീലയംപെട്ടി, മാട്ടുത്താവണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ഹൊസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വന്‍തോതില്‍ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്.
വിവിധ വര്‍ണങ്ങളിലുള്ള പൂക്കളാണ് ഓണക്കാലത്തെ നിറപ്പകിട്ടാക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ ബന്തി, അരളി, ജമന്തി, റോസ്, കോഴിപ്പൂവ്, വാടാമുല്ല എന്നിവയെല്ലാം വില്‍പ്പനയ്ക്ക് തയാറാണ്. രണ്ടു നിറങ്ങളിലുള്ള ബന്തിക്ക് 180 മുതല്‍ 200 വരെയാണ് വില. അരളി -400, വാടാമല്ലി - 250 മുതല്‍ 260 വരെ, റെഡ് റോസ് 300-350, റോസ് - 300, മുല്ല മുഴത്തിന് 40-45, വെള്ള ജമന്തി- 600 എന്നിങ്ങനെയാണ് നിലവിലെ വില. ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതരസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്നു കുറഞ്ഞ വിലയ്ക്കെടുക്കുന്ന പൂക്കള്‍ ഇടനിലക്കാര്‍ മുഖേന കേരളത്തിലെത്തുമ്പോള്‍ വില പതിന്മടങ്ങാകും. ഓണത്തിന് ആവശ്യക്കാരേറെയായതിനാല്‍ പറയുന്ന വിലയ്ക്കാണ് വിപണിയില്‍ പൂക്കളുടെ വ്യാപാരം നടക്കുന്നത്. തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍നിന്ന് ഒട്ടേറെ വാഹനങ്ങളില്‍ കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഓണക്കാലത്ത് പൂക്കളുടെ വിപണി സാധ്യത കണക്കിലെടുത്ത് നേരത്തേ ജില്ലയില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇത്തരത്തിലുള്ള കൃഷി കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനാല്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതല്‍ തിരുവോണം വരെ പൂക്കള്‍ വാങ്ങാനായി ആവശ്യക്കാരേറും. അത്തപ്പൂക്കളം ഒരുക്കാനും ഓണക്കച്ചവടത്തിനായി വ്യാപാരസ്ഥാപനങ്ങള്‍ അലങ്കരിക്കാനുമാണ് പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അത്തം മുതല്‍ പൂക്കളമൊരുക്കിത്തുടങ്ങും. ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അത്തപ്പൂക്കള മല്‍സരങ്ങളും നടക്കും.
Tags : Nattuvishesham Local News Flower market Onam celebrations