സസ്പെൻഡ് ചെയ്ത സബ് എൻജിനിയർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെഎസ്ഇബി വിതരണ വിഭാഗം നോർത്ത് മലബാർ ച
കണ്ണൂർ: വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്ത സബ് എൻജിനിയർ സതീഷ് ബാബുവിനെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വിതരണ വിഭാഗം നോർത്ത് മലബാർ ചീഫ് എൻജിനിയറെയും എക്സിക്യുട്ടീവ് എൻജിനിയറെയും നാലു മണിക്കൂർ ഉപരോധിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ കണ്ണൂർ നഗരത്തിൽ പ്രകടനവും വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധയോഗവും നടത്തിയതിന് പിന്നാലെയാണ് വിതരണ വിഭാഗം നോർത്ത് മലബാർ ചീഫ് എൻജിനിയർ ടി.എസ്. ജയശ്രീയെയും എക്സിക്യൂട്ടീവ് എൻജിനിയർ ടി.എ. അനൂപിനെയും ഉപരോധിച്ചത്. രാവിലെ 11.30 ഓടെ ആരംഭിച്ച ഉപരോധം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അവസാനിപ്പിച്ചത്.
ഉപരോധത്തിനിടെ വൈദ്യുതി ഭവനിൽ എത്തിയ പൊലിസും ജീവനക്കാരും തമ്മിൽ ചെറിയ രീതിയിൽ വാക്കേറ്റം ഉണ്ടായി. ഏറെ സമയത്തിനുശേഷമാണ് പൊലിസിന് ചീഫ് എൻജിനിയറുടെ ഓഫിസിൽ കയറാനായത്. സസ്പെൻഷൻ പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നോർത്ത് മലബാർ ചീഫ് എൻജിനിയർ നൽകിയിട്ടുണ്ടെന്നും ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ ഉത്തരവ് പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് സമരം തത്കാലം അവസാനിപ്പിക്കുന്നതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കണ്ണൂർ ടൗണിൽ എയർബ്രേക്കർ കത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫീഡർ മാറ്റുന്നതിന് ഒന്പത് മിനിറ്റോളം സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നുവെന്നും മന്ത്രിയുടെ പരിപാടി നടക്കുന്നതിനെക്കുറിച്ച് വൈദ്യുതി ബോർഡിന് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്.
രാവിലെ വൈദ്യുതി ഭവനു മുന്നിൽ നടന്ന പ്രതിഷേധയോഗം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അധികാരത്തിന്റെ കരുത്തിൽ കാര്യങ്ങൾ അറിയാതെ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി നല്ലതല്ലെന്നും സബ് എൻജിനിയറെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ (സിഐടിയു)സംസ്ഥാന ജോയന്റ് സെക്രട്ടറി പി.കെ. സജീഷ് അധ്യക്ഷത വഹിച്ചു. കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അരവിന്ദ് കുമാർ, പി.വി. ലതീഷ് , പ്രമോദ്, സി. ഷൈജു, പി.കെ. ലക്ഷ്മണൻ , അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
Tags : Suspension of KSEB Sub-Engineer Nattuvishesham DistrictNews