x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​റ്റ കൊ​ല​പാ​ത​കം: ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം; കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന​റി​യാം

വെബ് ഡെസ്ക്
Published: September 11, 2026 01:09 AM IST | Updated: September 11, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഇ​ന്ന​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വോ​ടെ വ്യ​ക്ത​ത വ​രും. കു​ട്ടി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി വി​ട്ടു​ന​ൽ​കി​യ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച ശേ​ഷ​മു​ള്ള കോ​ട​തി​യു​ടെ തു​ട​ർ​തീ​രു​മാ​ന​മാ​ണ് ഇ​ന്ന് പു​റ​ത്തു​വ​രി​ക.

കു​ട്ടി​ക​ളാ​യ​തി​നാ​ൽ അ​തീ​വ ര​ഹ​സ്യ​മാ​യും ക​ടു​ത്ത നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചും പ്രാ​ദേ​ശി​ക​മാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല സ്റ്റേ ​വ​ന്ന​തോ​ടെ ത​ത്കാ​ലം ത​ട​സ​പ്പെട്ട​ത്. സാ​ധാ​ര​ണ കേ​സു​ക​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി, ഒ​രു​മി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന വ​ലി​യ വെ​ല്ലു​വി​ളി തു​ട​ക്കം മു​ത​ലേ പൊ​ലി​സി​നു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ച്ച്, ഓ​രോ​രു​ത്ത​രെ​യാ​യി പ്ര​ത്യേ​കം എ​ത്തി​ച്ച് ക്രൈം ​സീ​ൻ പ​രി​ശോ​ധി​ക്കാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നീ​ക്കം. എ​ന്നാ​ൽ ഇ​തി​നെ​തി​രേ കു​ട്ടി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ ഈ ​നീ​ക്ക​ങ്ങ​ളെ​ല്ലാം വ​ഴി​മു​ട്ടി.

കു​ട്ടി​ക​ളെ നേ​രി​ട്ടെ​ത്തി​ക്കാ​തെ ത​ന്നെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ ശ​ക്ത​മാ​യി നി​ല​നി​ർ​ത്താ​ൻ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ ഭ​ദ്ര​മാ​ക്കാ​നാ​ണ് പൊ​ലി​സ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ കൊ​ല്ല​ത്തു​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത് മു​ത​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ ക​രു​വാ​റ്റ​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ക​ണ്ടെ​ത്തി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​യും കേ​സി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​ണ്.

വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​ൻ കു​ട്ടി​ക​ൾ ക​യ്യു​റ​ക​ൾ ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ, ബാ​ത്ത്‌​റൂം വെ​ന്‍റി​ലേ​ഷ​നി​ലും വാ​തി​ലി​ലും മ​റ്റും അ​വ​ശേ​ഷി​ച്ച സൂ​ക്ഷ്മ​മാ​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​രു​ത്താ​കും. കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്രാ​ദേ​ശി​ക ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മോ, അ​തോ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രാ​തെ ശാ​സ്ത്രീ​യ–​സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ മാ​ത്രം നി​ര​ത്തി അ​ന്തി​മ റി​പ്പോ​ർ​ട്ടി​ലേ​ക്ക് ക​ട​ക്കേ​ണ്ടി വ​രു​മോ എ​ന്ന​തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ഉ​ത്ത​ര​വ് നി​ർ​ണാ​യ​ക​മാ​കും.

Tags : Local News Nattuvishesham Karuvatta Murder court order

Recent News

Corehub Up