മുള്ളേരിയ പൂവടുക്കയിൽ ചേർന്ന യുകെടിഎൽ കർഷകരക്ഷാസമിതി ജനറൽ ബോഡി യോഗത്തിൽ ജില്ലാ ചെയർമാൻ ഷിനോജ് ചാക്കോ പ്രസംഗിക്കുന്നു.
മുള്ളേരിയ: കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ച നഷ്ടപരിഹാര പാക്കേജ് ഈ ലൈനിന്റെ ആദ്യഭാഗമായ ഉഡുപ്പി-കരിന്തളം ലൈൻ (യുകെടിഎൽ) സ്ഥാപിക്കുമ്പോൾ ഭൂമിയും കാർഷികവിളകളും നഷ്ടമായവർക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ജില്ലയിൽ യുകെടിഎൽ കർഷകരക്ഷാസമിതി വീണ്ടും സമരത്തിലേക്ക്.
കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച ഉയർന്ന പാക്കേജ് കാസർഗോഡ് ജില്ലയിലെ കർഷകർക്കു കൂടി അനുവദിക്കണമെന്നും അല്ലാത്തപക്ഷം യുകെടിഎൽ 400 കെ വി ലൈൻ ചാർജ് ചെയ്യാൻ അനുവദിക്കില്ലെന്നും മുള്ളേരിയ പൂവടുക്ക കല്യാൺ ഓഡിറ്റോറിയത്തിൽ ചേർന്ന കർഷകരക്ഷാസമിതി ജനറൽ ബോഡി യോഗം പ്രഖ്യാപിച്ചു. ജില്ലാ ചെയർമാൻ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. കൺവീനർ നാരായണൻ കുട്ടി, സത്യനാഥ് കമ്പിക്കാനം, ഭാസി അട്ടേങ്ങാനം, പത്മനാഭൻ, സിബി ജോസഫ്, ചന്ദ്രൻ മുള്ളേരിയ, ഭാർഗവൻ മുള്ളേരിയ, ഷൈജു ഉദയപുരം, സിദ്ദിക് കാട്ടുകുക്കെ എന്നിവർ പ്രസംഗിച്ചു.
വൈദ്യുതലൈനുമായി ബന്ധപ്പെട്ട് ഭൂമിയും സ്ഥലവും നഷ്ടപ്പെടുന്ന കാസർഗോഡ് ജില്ലയിലെ കർഷകർ ഈ പ്രശ്നത്തിൽ 2020 മുതൽ നിരന്തര സമരത്തിലായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് താരത്യേന ചെറിയൊരു നഷ്ടപരിഹാര പാക്കേജിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചത്. ഉത്തരമലബാറിന്റെ ഊർജപ്രതിസന്ധിക്ക് പരിഹാരമാകുന്ന പദ്ധതി ഇനിയും വൈകിപ്പിക്കരുതെന്ന വികാരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു അന്ന് കർഷകരക്ഷാസമിതി വിട്ടുവീഴ്ചകൾക്ക് തയാറായതെന്ന് ചെയർമാൻ ഷിനോജ് ചാക്കോ പറഞ്ഞു. ഇതിനേക്കാൾ കൂടിയ പാക്കേജ് മറ്റു ജില്ലകൾക്ക് അനുവദിച്ചാൽ കാസർഗോഡ് ജില്ലയ്ക്കും പ്രാവർത്തികമാക്കുമെന്ന ഉറപ്പ് അന്ന് ലഭിച്ചിരുന്നു.
എന്നാൽ കണ്ണൂർ ജില്ലയിലെ കർഷകരുടെ സമരസമിതി കൺവീനറായിരുന്ന സണ്ണി ജോസഫ് തന്നെ ഇപ്പോൾ വൈദ്യുതി മന്ത്രിയായപ്പോൾ അദ്ദേഹം സ്വന്തം മണ്ഡലത്തിലെയും ജില്ലയിലെയും കർഷകർക്കുവേണ്ടി മാത്രം പ്രത്യേകം പാക്കേജ് അനുവദിക്കുകയും ബന്ധപ്പെട്ട ഉത്തരവ് പ്രകാരം കൂടിയ പാക്കേജിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കർഷകരെ ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. ഫലത്തിൽ സർക്കാർ നേരിട്ടു നഷ്ടപരിഹാരം നൽകുന്ന കരിന്തളം-വയനാട് ലൈനുമായി ബന്ധപ്പെടട് താരതമ്യേന ഉയർന്ന നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ കമ്പനി മുഖേന നടപ്പാക്കുന്ന ഉഡുപ്പി-കരിന്തളം പവർ ഹൈവേയ്ക്ക് കുറഞ്ഞ നഷ്ടപരിഹാരം മാത്രം നൽകുന്ന അവസ്ഥയാണ്. ഇതിന്റെ ലാഭം കിട്ടുന്നത് സ്വകാര്യ കമ്പനിക്കു മാത്രമാണെന്നും ഷിനോജ് ചാക്കോ ചൂണ്ടിക്കാട്ടി.
Tags : Farmers' Protection Committee Nattuvishesham DistrictNews