ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പെരിയയില്‍ നടന്ന വിളംബരഘോഷയാത്ര.
പെരിയ: കൗമാര കലാപ്രതിഭകള്‍ അരങ്ങുവാഴുന്ന അഞ്ചു രാപ്പകലുകള്‍ നീളുന്ന കലാമാങ്കത്തിന് വേദിയാകാനൊരുങ്ങി ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയ. 65-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിനാണ് പെരിയ ജിഎച്ച്എസ്എസ് ആദ്യമായി വേദിയാകുന്നത്.
13 വേദികളിലായി 300 മത്സരയിനങ്ങളില്‍ ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നുള്ള 5100 കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. സ്കൂള്‍ ഗ്രൗണ്ടിലാണ് മുഖ്യവേദി. ജിഎച്ച്എസ്എസ് ഓഡിറ്റോറിയം, സുരഭി ഓഡിറ്റോറിയം, സുമംഗലി ഓഡിറ്റോറിയം, ഗാന്ധി സ്മാരക ഗ്രന്ഥാലയം, ജിഎല്‍പി എസ് ഓഡിറ്റോറിയം, എന്‍എസ്എസ് മന്ദിരം, ഡിഗ്രേഷ്യ സ്കൂള്‍, കായക്കുളം ശ്രീവിഷ്ണു ബ്രദേഴ്സ് ക്ലബ്, കായക്കുളം പഞ്ചായത്ത് മിനി സ്റ്റേഡിയം, മൊയോലം യാദവസഭ മന്ദിരം, പെരിയ കമ്യൂണിറ്റി ഹാള്‍, അംബേദ്കര്‍ സ്കൂള്‍ ഹാള്‍ എന്നിവയാണ് മറ്റു വേദികള്‍. സ്കൂളിന്റെ പരമാവധി ഒരു കിലോമീറ്റര്‍ പരിധിയില്‍ തന്നെയാണ് എല്ലാ വേദികളും സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും എളുപ്പം എത്തിച്ചേരുന്നതിനുള്ള യാത്രാസൗകര്യം ഇവിടുത്തേക്കുണ്ട്. ആദ്യദിനമായ ഇന്നു ചിത്ര-കഥാ-കവിത-ഉപന്യാസരചന മത്സരങ്ങളാണ് പ്രധാന ഇനങ്ങള്‍.
കൂടാതെ ഇന്‍ക്ലൂസിവ് കലാമേളയും ഇന്നു നടക്കും. ജില്ലയിലെ 322 സ്കൂളുകളില്‍ നിന്നുമായി ഇരുന്നൂറോളം ഭിന്നശേഷി കുട്ടികള്‍ കലാമേളയില്‍ പങ്കെടുക്കും. ഇന്നു രാവിലെ 10നു ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഇന്‍ക്ലൂസിവ് കലാമേള ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ജില്ലാ കലോത്സവത്തില്‍ ഇന്‍ക്ലുസീവ് കലാമേള ഉള്‍പ്പെടുത്തുന്നത്. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളാണ്. 26 മുതല്‍ സ്റ്റേജിനങ്ങള്‍ ആരംഭിക്കും. അന്നേദിവസം വൈകുന്നേരം നാലിന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി കലോത്സവം ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ വിളംബരഘോഷയാത്ര പെരിയ ടൗണില്‍ ആഘോഷപൂര്‍വം നടന്നു. മാര്‍ഗംകളി, ഒപ്പന, മലപുലയാട്ടം, ആലാമിക്കളി, കഥക്, കൈകൊട്ടിക്കളി, തിരുവാതിര, മംഗലംകളി, ദഫ്മുട്ട്, ഫ്ലാഷ് മോബ്, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പുകൂട്ടി. കെ. നീലകണ്ഠന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, വൈസ്പ്രസിഡന്റ് കെ.കെ. സോയ, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, വൈസ്പ്രസിഡന്റ് എം.കെ. ബാബുരാജ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.വി. രാധിക, കെ. സബീഷ്, വാര്‍ഡ് മെംബര്‍ ഉഷ എന്‍. നായര്‍ എന്നിവര്‍ നേതൃത്വം നല്കി.