പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം ഡിപ്പോയില്‍നിന്ന് രാത്രി 10.05ന് കണ്ണനല്ലൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സ്റ്റേ ബസ് സര്‍വീസ് പുനഃരാരംഭക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല.
രാത്രികാല സര്‍വീസ് നിലച്ചതോടെ, അടുത്തദിവസം രാവിലെ 5.15ന് കണ്ണനല്ലൂരില്‍നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന ആദ്യ ട്രിപ്പും ഇല്ലാതായി. 2020ല്‍ കോവിഡ് സമയത്താണ് സര്‍വീസ് നിലച്ചത്. 2021ല്‍ കോവിഡ് വീണ്ടും എത്തിയതോടെ സര്‍വീസ് എന്നേക്കുമായി അവസാനിച്ചു. നൂറുകണക്കിന് സാധാരണക്കാരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഇത് ഒരുപോലെ വലയ്ക്കുകയാണ്.
നിലവില്‍ 10ന് കൊല്ലത്ത് എത്തുന്ന യാത്രക്കാര്‍ പെരുവഴിയിലാണ്. കൊല്ലം നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലികഴിഞ്ഞ് മടങ്ങുന്നവരും ദീര്‍ഘദൂര ട്രെയിനുകളിലും ബസുകളിലും കൊല്ലത്ത് വന്നിറങ്ങുന്നവരും ഏറെ ആശ്രയിച്ചിരുന്ന സര്‍വീസായിരുന്നു കണ്ണനല്ലൂര്‍ സ്റ്റേ ബസ്.
ഈ സര്‍വീസ് നിര്‍ത്തിയതോടെ രാത്രി 10ന് ശേഷം കൊല്ലത്തുനിന്ന് കണ്ണനല്ലൂര്‍ ഭാഗത്തേക്ക് പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്.
സാധാരണക്കാരായ യാത്രക്കാര്‍ വലിയ തുക നല്കി ഓട്ടോറിക്ഷകളെയും ടാക്സികളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. സുരക്ഷാഭീഷണിയും സാമ്പത്തികനഷ്ടവും യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
രാവിലെ കൊല്ലം നഗരത്തിലേക്ക് പച്ചക്കറികളും മറ്റും കൊണ്ടുപോകുന്ന ചെറുകിട കച്ചവടക്കാര്‍ക്കും പാല്, പത്രവിതരണക്കാര്‍ക്കും ഈ ബസ് ഏറെ ഉപകാരപ്രദമായിരുന്നു. ഇപ്പോള്‍ രാവിലെ 5.45നാണ് പ്രദേശത്തുനിന്നുള്ള ആദ്യ ബസ് സര്‍വീസ്. സാങ്കേതിക കാരണങ്ങളോ ജീവനക്കാരുടെ കുറവോ ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് റദ്ദാക്കിയതെന്നാണ് പറയുന്നത്.
സര്‍വീസ് എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് യുണീക് കള്‍ച്ചറല്‍ ഫോറവും മലയാളവേദി ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി അധികൃതര്‍ക്കും മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെന്ന് ഭാരവാഹികളായ എ. ഷാനവാസ്, മുഖത്തല ശ്രീരാജ് എന്നിവര്‍ അറിയിച്ചു.
Tags : Demand to resume night-time bus services to Kannanalloor night-time bus NattuVishesham DistrictNews