പ്രതീകാത്മക ചിത്രം
തുറവൂർ: ദേശീയപാത വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന തുറവൂരിൽ കാൽനടയാത്രക്കാർ നേരിടുന്നത് കടുത്ത ദുരിതം. തുറവൂർ താലൂക്ക് ആശുപത്രി, യുപി സ്കൂൾ, ആരാധനാലയങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് സുരക്ഷിതമായ നടപ്പാതകളില്ലാത്തത് അപകടഭീഷണി വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആലക്കാപറമ്പ് ഭാഗത്തുനിന്ന് തുറവൂർ കവല, താലൂക്ക് ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവർ നിലവിൽ റോഡരികിലെ കാനയുടെ മുകൾഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഈ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി പറയുന്നു. ചിലയിടങ്ങളിൽ മണ്ണ് കൂട്ടിയിട്ടതും കുറ്റിച്ചെടികൾ വളർന്നതും യാത്ര കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
ആലക്കാപറമ്പ് മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥിതിയാണ്.
ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയ്ക്കുന്നതിനായി തുറവൂർ ക്ഷേത്രത്തിന് സമീപമുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പ് താത്കാ ലികമായി കവലയുടെ വടക്കുഭാഗത്തേക്കും സ്വകാര്യ ബസ് സ്റ്റോപ്പ് കവലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും മാറ്റണമെന്നാണ് നാട്ടുകാരുടെ നിർദേശം. കൂടാതെ ഇരുചക്ര വാഹനങ്ങൾ ആലക്കാപറമ്പ് റോഡിലൂടെ പടിഞ്ഞാറോട്ട് തിരിച്ചുവിട്ട് സമാന്തര റോഡിലൂടെ തുറവൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം കടന്ന് തുറവൂർ–ചാവടി റോഡിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലുള്ള ഗതാഗത ക്രമീകരണം പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.
ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്ത് അടിയന്തര പരിശോധന നടത്തി കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham National Highway Construction