പ്രതീകാത്മക ചിത്രം
പേരൂർക്കട: തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്നു വീണ്ടും ചാടിപ്പോയി. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം.
മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുരങ്ങ് ചാടിപ്പോയ സമയം വ്യക്തമായത്. 2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന, ഇപ്പോൾ 12 വയസുള്ള പെൺകുരങ്ങാണ് ഇത്തവണയും ചാടിയത്.
2023 ജൂൺ 13നും ഇതേ കുരങ്ങ് കൂട്ടിൽനിന്നു ചാടി നഗരത്തിൽ ഇറങ്ങിയിരുന്നു. അന്നു ദിവസങ്ങൾനീണ്ട പരിശ്രമത്തിനൊടുവിലാണ് ജർമൻ സാംസ് കാരിക കേന്ദ്രത്തിൽവച്ചു വലയിട്ടു പിടികൂടിയത്. അതിനുശേഷം കൂടിന്റെ മതിലിന്റെ ഉയരം കൂട്ടിയിരുന്നെങ്കിലും ഇത്തവണ അതു മറികടന്നാണു കുരങ്ങ് പുറത്തുചാടിയത്. എന്നാൽ ഇത്തവണ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്കു പോയിട്ടില്ലെന്നു സൂപ്രണ്ട് ടി.വി അനിൽകുമാർ അറിയിച്ചു.
മൃഗശാല വളപ്പിലെ തന്നെ വലിയ മരത്തിന്റെ ഏറ്റവും മുകളിലാണ് കുരങ്ങ് ഇന്നലെ രാത്രി വരെയും ഇരുന്നത്. കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രണ്ടു സൂ കീപ്പർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുരങ്ങിന്റെ ഇഷ്ടഭക്ഷണമായ പലതരം പഴവർഗങ്ങൾവച്ചു കൂട്ടിലേക്ക് ആകർഷിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിൽ വഴങ്ങുന്നില്ലെങ്കിൽ മരത്തിൽ കയറി പിടികൂടാനും അതും നടന്നില്ലെങ്കിൽ മയക്കുവെടിവക്കാനുമാണ് മൃഗശാല അധികൃതരുടെ തീരുമാനമെന്നാണു സൂചന.
Tags : Hanuman langur escapes Hanuman langur NattuVishesham DistrictNews