ടാറിംഗ് തകർന്ന പള്ളിക്കവല - ഏഴാംചിറ റോഡ്.
മേപ്പാടി: മുട്ടിൽ, മേപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളിക്കവല-ഏഴാംചിറ-വാഴവറ്റ റോഡിൽ പത്ത് ദിവസത്തേക്ക് എന്നു പറഞ്ഞ് ഏർപ്പെടുത്തിയ ഗതാഗത വിലക്ക് ഒരു മാസം പിന്നിട്ടിട്ടും പിൻവലിക്കാത്തത് നൂറു കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മുട്ടിൽ പഞ്ചായത്തിലെ പാക്കം പ്രദേശത്ത് കലുങ്ക് നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ വാഴവറ്റ പള്ളിക്കവല റോഡിൽ അധികൃതർ ഗതാഗത വിലക്കേർപ്പെടുത്തിയത് ഒക്ടോബർ 15നാണ്. പത്ത് ദിവസം കൊണ്ട് കലുങ്ക് നിർമാണം പൂർത്തീകരിച്ച് റോഡ് തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിരുന്നത്. 45 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതു കൊണ്ടാണ് റോഡ് പ്രവൃത്തി തുടങ്ങി വച്ചത്.
റോഡിന്റെ പള്ളിക്കവല വരെയുള്ള ഭാഗം ടാറിംഗ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മേപ്പാടി പഞ്ചായത്തിലെ നാല് വാർഡുകളിലുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഗതാഗത നിരോധനത്തിന് ശേഷം രൂക്ഷമായ യാത്രാ ക്ലേശം അനുഭവിക്കുകയാണ്.
റോഡ് പ്രവൃത്തിയും മന്ദഗതിയിലാണ്. തകർന്നു കിടക്കുന്ന റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യമായ ഫണ്ട് അനുവദിച്ച് റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : The traffic ban has not been lifted even after a month traffic ban NattuVishesham DistrictNews