അനന്തു സജി, നിധിൻ
മാവേലിക്കര: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മാവേലിക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം നിധിൻ (25) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോനയിലാണ് ട്രെയിൻ ഇറങ്ങിവരവെ പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും പ്ലാസ്റ്റിക് സിപ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന മാരക രാസലഹരിയായ 14 ഗ്രാം എംഡിഎംഎ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎംഎ വാങ്ങിയതെന്നും ചില്ലറവിൽപനക്കായി ആണ് ഇത് നാട്ടിൽ എത്തിച്ചതെന്നും ഇവർ സമ്മതിച്ചു.
വർഷങ്ങളായി ലഹരി കച്ചവടം നടത്തിവരികയായിരുന്ന ഇവർ യുവാക്കൾക്കും കുട്ടികൾക്കും ലഹരി വിതരണം ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. നിരവധി ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ആനന്ദു സജി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മാവേലിക്കര എസ്എച്ച്ഒ സബിത ശിവദാസ്, എസ് ഐമാരായ സുധീപ്, അംജദ് ഖാൻ, എഎസ്ഐ മാരായ നോബിൾ, സുനിൽകുമാർ, എസ് സി പി ഒ ശാലിനി എസ്. പിള്ള, സിപിഒ മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews arrested