x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20
AUG
2026

പി​എം കെ​യേ​ഴ്സ്; ച​വി​ട്ടി​പ്പി​ടി​ച്ച ‘ചാ​വു​പ​ണം’

Editorial Audio


Published: August 20, 2026 12:00 AM IST | Updated: August 19, 2026 09:33 PM IST

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും വി​ല​ങ്ങാ​ട്ടും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​തു ക​ണ്ടി​ട്ടും ന​യാ​പൈ​സ ന​ൽ​കാ​തെ പൂ​ഴ്ത്തി​വ​ച്ച ‘പി​എം കെ​യേ​ഴ്സ് ഫ​ണ്ട്’ മ​നു​ഷ്യ​ത്വ​മു​ള്ള​വ​രു​ടെ ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​രു വാ​ൾ​പോ​ലെ ക​ട​ന്നു​പോ​കു​ന്നു. അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ കെ​ട്ടി​ക്കി​ട​ക്കു​ന്നെ​ന്ന റി​പ്പോ​ർ​ട്ട് സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

വ​യ​നാ​ടി​ന്‍റെ നി​ല​വി​ളി കേ​ട്ട് സം​സ്ഥാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​മൊ​ക്കെ ത​ങ്ങ​ളാ​ലാ​വും​വി​ധം സ​ഹാ​യി​ച്ച​പ്പോ​ഴും കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​ട്ടി​ക്കാ​തെ ഒ​ളി​പ്പി​ച്ച ഈ ​കു​ടു​ക്ക ഇ​നി​യാ​ർ​ക്കു കൊ​ടു​ത്താ​ലും മ​ല​യാ​ളി​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ. ന​മു​ക്ക് മ​നു​ഷ്യ​രാ​ണ് മു​ഖ്യം. പ​ക്ഷേ, ആ ​ഫ​ണ്ടി​ലെ ഓ​രോ ചി​ല്ലി​ക്കാ​ശി​ലും കേ​ര​ള​ത്തി​നു നി​ഷേ​ധി​ച്ച ‘ചാ​വു​പ​ണം’ എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്.

2024-25 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ 8,452 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ആ ​വ​ർ​ഷം ചെ​ല​വ​ഴി​ച്ച​ത് വെ​റും 87.85 ല​ക്ഷം രൂ​പ. ഒ​രു ശ​ത​മാ​നം പോ​ലു​മി​ല്ല. 2024 ഓ​ഗ​സ്റ്റ് 10ന് ​പ്ര​ധാ​ന​മ​ന്ത്രി ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​കാ​ശ​ത്തു​നി​ന്ന് അ​ദ്ദേ​ഹം മു​ണ്ട​ക്കൈ​യും ചൂ​ര​ൽ​മ​ല​യു​മൊ​ക്കെ ക​ണ്ടു. ഭൂ​മി​യി​ലി​റ​ങ്ങി ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ മ​നു​ഷ്യ​രെ ക​ണ്ടു.

മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളു​മൊ​ക്കെ ന​ഷ്‌​ട​പ്പെ​ട്ട നൈ​സ എ​ന്ന കു​ഞ്ഞി​നെ ലാ​ളി​ച്ചു. ദു​രി​ത​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ എ​ല്ലാ​യി​ട​ത്തു​മെ​ത്തി. പ​ക്ഷേ, സ​ഹാ​യം ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​യി​ല്ല. കോ​ട​തി​ക​ൾ​ക്കു​പോ​ലും കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​വ​ന്നു. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല നി​വാ​സി​ക​ളു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ചെ​യ​ർ​മാ​നും ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​മാ​ർ എ​ക്സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി നാ​മ​നി​ർ​ദേ​ശം ചെ​യ്ത ര​ണ്ട് അം​ഗ​ങ്ങ​ളു​മു​ള്ള സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തെ ച​വി​ട്ടി​ത്തേ​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ, മ​നു​ഷ്യ​നി​ർ​മി​ത​മോ പ്ര​കൃ​തി​ദ​ത്ത​മോ ആ​യ മ​റ്റേ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ട്. എ​ന്നാ​ൽ, 2020 മാ​ർ​ച്ച് മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഫ​ണ്ടി​ന്‍റെ അ​ഞ്ചി​ലൊ​ന്നു (18.7 ശ​ത​മാ​നം) മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

പി​എം കെ​യേ​ഴ്സ് ഫ​ണ്ട്, പി​എം ദേ​ശീ​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട്, ദേ​ശീ​യ പ്ര​തി​രോ​ധ ഫ​ണ്ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ൾ​പോ​ലും അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണ് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​തു പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​നു ക​ണ​ക്കു പ​റ​യാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പ​ക്ഷേ, വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സി​ജെ​പി സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി.

സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്‌​കെ​യ്ക്ക് വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നാ​യു​ള്ള പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്ന് ബി​ജെ​പി സ​മൂ​ഹ​മാ​ധ്യ​മ​ക്കാ​ർ വ​ലി​യ​വാ​യി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചു. ഇ​തി​ന്‍റെ വി​വ​രം ആ​വ​ശ്യ​പ്പെ​ട്ട് സൂ​റ​റ്റി​ലെ ഒ​രു ബി​ജെ​പി​ക്കാ​ര​ൻ ആ​ർ​ടി​ഐ ഫ​യ​ൽ ചെ​യ്തി​ട്ടു​മു​ണ്ട്. വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി. ഒ​രു ചാ​ന​ൽ ച​ർ​ച്ച​യി​ൽ ഈ ​ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ, “സി​ജെ​പി​ക്ക് ഫ​ണ്ടി​ങ് പി​എം കെ​യേ​ഴ്‌​സി​ൽ​നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്” എ​ന്ന മ​റു​പ​ടി​യാ​ണ് വ​ക്താ​വ് അ​ശു​തോ​ഷ് രം​ഗ ന​ൽ​കി​യ​ത്. പി​ന്നാ​ലെ പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ് ക്രൂ​ര​വും ദു​രൂ​ഹ​വു​മാ​യ പൂ​ഴ്ത്തി​വ​യ്പ് പു​റ​ത്താ​യ​ത്.

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട ന​ഷ്‌​ട​പ​രി​ഹാ​രം മു​ട​ങ്ങി​യി​രി​ക്കേ, ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ​നി​ധി​യി​ൽ (എ​ൻ​ഡി​ആ​ർ​എ​ഫ്) സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നാ​യി അം​ഗീ​ക​രി​ച്ച തു​ക​യി​ൽ 53 ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ടും വ​ന്നി​ട്ടു​ണ്ട്. 2024-25ൽ 11,474 ​കോ​ടി വി​ട്ടു​ന​ൽ​കാ​ൻ അ​നു​മ​തി​യാ​യി​ട്ടും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​ത് 5356 കോ​ടി മാ​ത്രം. കേ​ന്ദ്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ഫ​ണ്ടി (എ​ൻ​ഡി​എം​എ​ഫ്)​ൽ​നി​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച 2,868 കോ​ടി​യി​ൽ 719.72 കോ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്; നാ​ലി​ലൊ​ന്ന്. മ​നു​ഷ്യ​ർ ന​ര​കി​ക്കു​ന്പോ​ൾ ദു​രി​താ​ശ്വാ​സ​മാ​കേ​ണ്ട നി​ധി​ക്കു മു​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭൂ​ത​ത്തെ​പ്പോ​ലെ ക​യ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്തൊ​രു ദു​ര​ന്ത​മാ​ണി​ത്; പ്ര​കൃ​തി​യെ​ത്ര ഭേ​ദം!

Tags : Deepika Editorial PMCares Wayanad

Recent News

Corehub Up