കളിപ്പാട്ടമായ് കണ്‍മണീ...
കൊച്ചുകുട്ടികളുടെ കൗതുകത്തെ കളിപ്പാട്ടം കൊണ്ടു സന്തോഷിപ്പിക്കാനാണ് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും താത്പര്യം. ഓരോ യാത്ര കഴിഞ്ഞുവരുമ്പോഴും വീട് കളിപ്പാട്ടങ്ങള്‍കൊണ്ടു നിറയും. വിവിധതരം പാവകള്‍, വാഹനങ്ങള്‍, കൗതുകവസ്തുക്കള്‍, എണ്ണമറ്റ ജീവജാലങ്ങള്‍...കളിപ്പാട്ട വിപണി കുട്ടികളെ മാത്രമല്ല, മാതാപിതാക്കളെപ്പോലും അദ്ഭുതപ്പെടുത്തും.

വലിച്ചു വാരിയിട്ടിരിക്കുന്നതും അംഗവൈകല്യം വന്നതുമായ പലതരം കളിപ്പാട്ടങ്ങളോടെയുള്ള പൂമുഖമാണ് കുട്ടികളുള്ള വീടിന്റെ അടയാളം. പക്ഷേ, എല്ലാ കളിപ്പാട്ടങ്ങളും കുട്ടികള്‍ക്കു യോജിക്കുന്നതല്ല. കുിട്ടകളെ ദോഷകരമായി ബാധിക്കുന്ന ടോക്‌സിക് മെറ്റല്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ ധാരാളമായി വിപണിയില്‍ എത്തുന്നുണ്ട്. ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് കൗതുകവും ബുദ്ധിവളര്‍ച്ചയും അറിവും പകരുന്ന, മാനസികവും ശാരീരികവുമായ വളര്‍ച്ചയെ സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളിപ്പാട്ടങ്ങളോടുള്ള പ്രിയത്തിലും വ്യത്യാസമുണ്ട്. കളിപ്പാട്ടം തെരഞ്ഞെടുക്കുന്നത് കളിയല്ലെന്ന് ചുരുക്കം.

കളിയല്ല കളിപ്പാട്ടം

കുട്ടികളുടെ പ്രായത്തിനും മനസിന്റെ വളര്‍ച്ചയ്ക്കും അനുസരിച്ചുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുക. വളരെ കുഞ്ഞു കുട്ടിയായിരിക്കുമ്പോള്‍ നിറമുള്ള കിലുങ്ങുന്ന കളിപ്പാട്ടങ്ങളായിരിക്കും ഉത്തമം. നിറമുള്ള വസ്തുക്കള്‍ കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റും. ശബ്ദം കൂടിയുണ്ടെങ്കില്‍ അവരെ ആകര്‍ഷിക്കാന്‍ ഇത്തരം കളിപ്പാട്ടങ്ങള്‍ മതിയാകും. കുറച്ചുകൂടി വളര്‍ന്നുകഴിയുമ്പോള്‍ തട്ടിക്കളിക്കാവുന്ന ചെറിയ കളിപ്പാട്ടങ്ങള്‍ നല്‍കാം. ചെറിയ ബോളുകള്‍, ചലിക്കുന്ന വാഹനങ്ങള്‍... ഇത് കുട്ടികളുടെ ചലനവേഗം വര്‍ധിപ്പിക്കും. കുഞ്ഞ് അല്‍പം കൂടി മുതിര്‍ന്നു കഴിഞ്ഞാല്‍ അവന്റെ താത്പര്യം അനുസരിച്ച് കളിപ്പാട്ടം തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം.

കൊച്ചുകുട്ടികള്‍ക്ക് അരികു കൂര്‍ത്തിരിക്കുന്ന കളിപ്പാട്ടങ്ങള്‍ കളിക്കാന്‍ കൊടുക്കരുത്. കളിക്കുന്നതിനിടയില്‍ കണ്ണില്‍ക്കൊള്ളാനും ശരീരത്തില്‍ മുറിവേല്‍ക്കാനും സാധ്യതയുണ്ട്.

ആണ്‍- പെണ്‍ വ്യത്യാസം

ആണ്‍കുട്ടികള്‍ക്ക് കാറും തോക്കും വാഹനങ്ങളോടുമൊക്കെയായിരിക്കും താത്പര്യം. കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്‍ട്ടൂണുകളും സിനിമകളും അവരെ സ്വാധീനിക്കാറുണ്ട്. ആണ്‍കുട്ടികളില്‍ വലിയൊരു വിഭാഗത്തിനും തോക്കുകളോടുള്ള പ്രിയത്തിനു കാരണം സിനിമകളും കാര്‍ട്ടൂണുകളുമാണ്.

പെണ്‍കുട്ടികള്‍ക്ക് പാവകളോടായിരിക്കും ഏറെ പ്രിയം. പാവകള്‍ കൊണ്ട് വിവിധ തരം കളികളില്‍ ഏര്‍പ്പെടാനും കിച്ചന്‍സെറ്റുകള്‍ ഉപയോഗിച്ച് അമ്മമാരെപ്പോലെ പാചകം പരീക്ഷിക്കാനുമാവും പെണ്‍കുട്ടികള്‍ക്ക് താത്പര്യം.

കുട്ടികള്‍ക്ക് യോജിച്ച കളിപ്പാം

നവജാത ശിശുക്കള്‍ മുതല്‍ മൂന്നു മാസം പ്രായം വരെ

നിറങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രായമാണിത്. അതിനാല്‍ നിറമുള്ള വസ്തുക്കള്‍ തന്നെ കുഞ്ഞിന് കളിപ്പാട്ടമായി നല്‍കാം. കടുത്ത നിറങ്ങളായ ചുവപ്പ്, നീല, വയലറ്റ് നിറങ്ങളിലുള്ള കളിപ്പാങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാകും. കണ്ടും കേട്ടും സ്പര്‍ശിച്ചും അറിയാന്‍ കഴിയുന്ന കളിപ്പാട്ടങ്ങള്‍ കൊടുക്കാം. കിലുക്കങ്ങള്‍, ഞെക്കിയാല്‍ ശബ്ദമുണ്ടാക്കുന്ന പാവകള്‍, തൊട്ടിലിനു മുകളില്‍ തൂക്കിയിടാന്‍ പറ്റുന്ന കളിപ്പാങ്ങള്‍, സംഗീതം പൊഴിക്കുന്ന കളിപ്പാട്ടങ്ങള്‍ എന്നിവ നല്‍കാം.

മൂന്നു മുതല്‍ ഒമ്പതുമാസം വരെ

കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കുഞ്ഞ് ശ്രമിക്കുന്ന കാലമാണിത്. കടുത്ത നിറങ്ങള്‍ കുഞ്ഞിന്റെ കണ്ണിന്റെയും മനസിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനത്തെ സഹായിക്കും. ഉരുട്ടിക്കളിക്കാനായി സ്‌പോഞ്ച് കൊണ്ടുള്ള ബോളുകള്‍, കുഞ്ഞിനെ ആകര്‍ഷിക്കാന്‍ കഴിയുന്ന ചിത്രങ്ങളുള്ള ബുക്കുകള്‍, അമര്‍ത്തുമ്പോള്‍ ശബ്ദം കേള്‍ക്കുന്ന കളിപ്പാട്ടങ്ങള്‍ എന്നിവയൊക്കെ കുഞ്ഞിന് സമ്മാനിക്കാം.

ഒമ്പതു മുതല്‍ 12 മാസം വരെ

കൈകള്‍ കൊണ്ടും കണ്ണുകള്‍കൊണ്ടും വസ്തുക്കള്‍ തിരയാന്‍ ശ്രമിക്കുന്ന പ്രായമാണിത്. അഴുക്കു പുരണ്ടതും കൂര്‍ത്തതും, മുനയുള്ളതും വായിലിടാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ കുഞ്ഞിന് നല്‍കരുത്. പല നിറത്തിലും രൂപത്തിലുമുളള കട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ പ്ലാസ്റ്റിക് ബ്രിക്‌സ്, ചലിക്കുന്ന കളിപ്പാട്ടങ്ങള്‍ എന്നിവ കുട്ടികളുടെ ബുദ്ധിശേഷി വര്‍ധിപ്പിക്കും.

ഒന്നു മുതല്‍ രണ്ടു വയസു വരെ

കുഞ്ഞ് പിച്ചവയ്ക്കാനും സംസാരിക്കാനും മനസിലാക്കാനും തുടങ്ങുന്ന പ്രായമാണ്. ബോളുകള്‍, തടികൊണ്ടുള്ള ബ്ലോക്കുകള്‍, പലതരം ശബ്ദം കേള്‍ക്കുന്ന കളിപ്പാട്ടങ്ങള്‍, പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ കുക്കിംഗ് സെറ്റ് , മാര്‍ദവമുള്ള പട്ടിക്കുട്ടികള്‍ അടക്കമുള്ള പാവകള്‍ എന്നിവ നല്‍കാം. വരച്ചു പഠിക്കാനായി കളര്‍ പെന്‍സിലുകളും കൊടുക്കാം. നല്ല ചിത്രങ്ങളോടുകൂടിയ ബുക്കുകളും നല്‍കാം. കുടുംബാംഗങ്ങളുടെയും മറ്റും ഫോട്ടോ ആല്‍ബം കാണാനും കുട്ടികള്‍ക്ക് താല്‍പര്യം ഉണ്ടാകും.

രണ്ടു മുതല്‍ മൂന്നു വയസുവരെ

ട്രൈസൈക്കിളുകള്‍, പന്തുകള്‍, വിവിധതരം പാവകള്‍, സ്റ്റഫ്ഡ് ടോയ്‌സ്, വലിയ ക്രയോണുകള്‍, ചെറിയ ഫര്‍ണിച്ചര്‍ സെറ്റ്, വലിയ പാര്‍ട്ടുള്ള അഴിച്ചു മാറ്റാവുന്ന കളിപ്പാട്ടങ്ങള്‍ മുതലായവയാവും ഈ പ്രായത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍. എന്തും അഴിച്ചുനോക്കാനും തങ്ങള്‍ക്കു സാധിക്കുന്ന രീതിയില്‍ വീണ്ടും നിര്‍മിക്കാനുമാവും ഈ പ്രായത്തില്‍ കുട്ടികള്‍ക്കു കൗതുകം കൂടുതല്‍.

മൂന്നു മുതല്‍ അഞ്ചു വയസുവരെ

കളിപ്പാട്ട ഫോണുകള്‍, ടോയ് ക്ലോക്കുകള്‍, കളിവീടുകള്‍, കിച്ചണ്‍ സെറ്റ്, ചെറിയ കാറുകള്‍, ട്രക്കുകള്‍, ബില്‍ഡിംഗ് ബ്ലോക്കുകള്‍ എന്നിവ വാങ്ങിക്കൊടുക്കുക. ബില്‍ഡിംഗ് ബ്ലോക്കുകള്‍ ഉപയോഗിച്ചു കുട്ടികള്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് വീടുകള്‍ നിര്‍മിക്കുന്നതും അഴിച്ചുപണിയുന്നതും അവരുടെ ഭാവനയും നിര്‍മാണ വൈഭവവും വര്‍ധിപ്പിക്കും. സചിത്ര കഥാപുസ്തകങ്ങളിലൂടെ കുട്ടികളെ വായനയുടെ ലോകത്തിലേക്കു നയിക്കേണ്ടതും ഈ പ്രായത്തിലാണ്. കുട്ടികളെ അടുത്തിരുത്തി മാതാപിതാക്കള്‍ കഥകള്‍ വായിച്ചുകൊടുക്കണം. രസകരമായ രീതിയില്‍ കഥകള്‍ വായിച്ചുകൊടുത്താല്‍ കുട്ടികള്‍ക്ക് അതു വളരെയേറെ ഇഷ്ടപ്പെടും.
പെയിന്റ് ചെയ്ത കളിപ്പാം വേണ്ട

ചില കളിപ്പാട്ടങ്ങള്‍ കണ്ടാല്‍ വീണ്ടും വീണ്ടും നോക്കിപ്പോകും. കടുത്ത നിറങ്ങളില്‍ വെിത്തിളക്കത്തോടെയുള്ളവ. പക്ഷേ ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആപത്തിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പല ചൈന നിര്‍മിത കളിക്കോപ്പുകളിലും വിഷാംശമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.
നിറത്തിനും വെട്ടിത്തിളക്കത്തിനുമായി ഇത് നിര്‍മിക്കുമ്പോള്‍ കറുത്തീയം, കാഡ്മിയം എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ ലോഹങ്ങള്‍ വലിയ വിഷമയമുള്ളതാണ്. പ്രമുഖ ഇംഗ്ലീഷ് വാരിക കളിപ്പാട്ടങ്ങളിലെ വിഷാംശം എന്ന വിഷയത്തെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലെ നിരത്തുകളില്‍ നിന്നു ശേഖരിച്ച പ്ലാസ്റ്റിക്, തടി, ലോഹ നിര്‍മിത കളിപ്പാങ്ങള്‍ നാഷണല്‍ റെഫറല്‍ സെന്റര്‍ ഫോര്‍ ലെഡ് പോയിസണിങ്ങില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഈ കളിപ്പാട്ടങ്ങളില്‍ 90 ശതമാനത്തിലും ഈയത്തിന്റെ അംശം അനുവദിക്കപ്പെട്ടതിലും കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. 100 ഗ്രാം പെയിന്റിന് 0.06 ഗ്രാം ഈയം എന്നതാണ് അനുവദിക്കപ്പെട്ടിരിക്കുന്ന ഈയത്തിന്റെ അളവ്.

വിഷബാധയ്ക്കു പിന്നില്‍

രോഗംബാധിച്ച കുഞ്ഞുങ്ങളുടെ രക്തത്തില്‍ ഈയത്തിന്റെ അംശം ഉണ്ടായിരിക്കും. ഇതിന്റെ അളവു തീരെക്കുറവാണെങ്കില്‍ പോലും ദോഷമാണ്. ഈയത്തിനു മധുരമുള്ളതിനാല്‍ ഈയം പുരണ്ട കളിപ്പാങ്ങള്‍ വായില്‍ വയ്ക്കാന്‍ കുഞ്ഞുങ്ങള്‍ താത്പര്യം കാണിക്കും. ശ്വസനത്തില്‍ കൂടിയും ഈയം ശരീരത്തിനുള്ളില്‍ കടക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഈയം ആഗീരണം ചെയ്യാനുള്ള സാധ്യത ഏഴ് ഇരിയാണ്. ഈയം കലര്‍ന്ന കളിപ്പാങ്ങള്‍ കടിക്കുന്നതും ചുറ്റുപാടും കാണുന്ന സാധനങ്ങള്‍ വായിലിടുന്നതും ഈയം ഉള്ളില്‍ കടക്കാന്‍ ഇടയാക്കും.

കളിപ്പാട്ടവിഷങ്ങള്‍ ശരീരത്തെ ബാധിക്കുന്ന വിധം

ഈയം ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വയര്‍, ശ്വാസകോശം, കരള്‍, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കും. ഈയം മനുഷ്യന്റെ പല്ലുകളിലും അസ്ഥികളിലുമാണ് അടിഞ്ഞുകൂടുന്നത്. ഈയം എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. കാത്സ്യം, അയണ്‍, സിങ്ക് ഇവയുമായി പ്രതിപ്രവര്‍ത്തിച്ച് അവയുടെ സാധാരണ പ്രവര്‍ത്തനത്തെയും ബാധിക്കും. ആറു മാസത്തിനും ആറ് വയസിനും ഇടയിലുള്ള കുഞ്ഞുങ്ങളിലാണ് ഈയ വിഷബാധ കൂടുതലായി ഏല്‍ക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്താത്ത ആന്തരീകാവയവങ്ങളാണ് കുഞ്ഞുങ്ങളുടേത്. ശരീരത്തിലെത്തിച്ചേരുന്ന ഈയം അവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കും.

കുഞ്ഞുങ്ങളെ ബാധിക്കുമ്പോള്‍

കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഈയത്തിന്റെ അളവ് ഡെസിലിറ്ററില്‍ 10 മുതല്‍ 20 മൈക്രോഗ്രാം വരെയാണെങ്കില്‍ ഒരു ലക്ഷണവും പ്രകടമാകില്ല. കുറഞ്ഞ അളവിലുള്ള ഈയത്തിന്റെ അംശം ഭാവിയില്‍ ഐക്യു കുറയ്ക്കാനും സ്വഭാവ വൈകല്യത്തിനും ഇടയാക്കും. ഇത്തരം കുട്ടികള്‍ക്ക് ഒന്നിലും ശ്രദ്ധകാണില്ല. ചിലര്‍ ഹൈപ്പര്‍ ആക്ടീവ് (പിരിപിരിപ്പ് കാണിക്കുക) ആയിരിക്കും. ചിലര്‍ അക്രമ സ്വഭാവം കാണിക്കും. ശാരീരിക വളര്‍ച്ച മുരടിക്കുക, വിളര്‍ച്ച എന്നിവയാണ് മറ്റു പ്രശ്‌നങ്ങള്‍.

ഡെസീലിറ്ററില്‍ 40 മൈക്രോഗ്രാമില്‍ അധികം ഈയം കാണുന്ന കുട്ടികളില്‍ ബോധക്ഷയം, തലച്ചോറില്‍ ക്ഷതം, മുരടിച്ച മാനസിക വളര്‍ച്ച ഇവ വരാം. ചിലപ്പോള്‍ മരണം പോലും സംഭവിക്കാം.

ലക്ഷണങ്ങള്‍

* ഭാരക്കുറവ്
* ഛര്‍ദ്ദി, വയറിനു തരിപ്പ്
* കേഴ്‌വിസംസാരശേഷിക്കുറവ്
* സ്വഭാവ വൈകല്യം, ശ്രദ്ധക്കുറവ്
* പ്രായത്തിനനുസരിച്ച് ശരീര വളര്‍ച്ച ഇല്ലായ്മ

വിഷബാധ ഒഴിവാക്കാന്‍

കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന കളിപ്പാങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ചെറിയ കുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങള്‍ വായില്‍ വയ്ക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധവേണം.

വീടിനുള്ളിലെ ഈയാംശമുള്ള പൊടി, പുറത്തുള്ള ഈയാംശമുള്ള മണ്ണ് ഇവയും വിഷബാധയ്ക്കു കാരണമാകുന്നു. നനഞ്ഞ തുണികൊണ്ട് വീട്ടിലെ പൊടി തുടച്ചു മാറ്റണം. പഴകിയ പെയിന്റുകള്‍ പൊളിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിന്റെ കൈയില്‍ മാലിന്യങ്ങളും പൊടിയും പറ്റിയാല്‍ ഉടന്‍ കഴുകിക്കളയണം.

ശരീരത്തില്‍ പ്രവേശിച്ച കുറഞ്ഞ അളവിലുള്ള ഈയം പോലും കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ആരോഗ്യവാനായ കുട്ടിയില്‍പ്പോലും ഈയത്തിന്റെ അംശം കാണാന്‍ കഴിയും. വിഷബാധ രൂക്ഷമാകുമ്പോള്‍ കുഞ്ഞിനു ഛര്‍ദ്ദി, വയറുവേദന, വിശപ്പില്ലായ്മ, മലബന്ധം എന്നീ അസ്വസ്ഥതകള്‍ ഉണ്ടാകും. ഈയ വിഷബാധ തലച്ചോറിനെ ബാധിച്ചാല്‍ പ്രശ്‌നം ഗുരുതരമാകും. ഇത്തരം സാഹചര്യത്തില്‍ കുഞ്ഞിന്റെ ശരീരത്തിലുള്ള ഈയത്തിന്റെ അളവ് കണ്ടുപിടിക്കാന്‍ രക്തപരിശോധന തന്നെ നടത്തണം. രക്തത്തില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയാല്‍ ഉടന്‍ വിശദമായ ചികിത്സ തേടണം.

കളിപ്പാട്ടം തെരഞ്ഞെടുക്കുമ്പോള്‍

* കുഞ്ഞിന്റെ പ്രായത്തിനും താത്പര്യത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുക. പാക്കറ്റിനു പുറത്തു രേഖപ്പെടുത്തിയിുള്ള മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും അനുയോജ്യമായ പ്രായവിഭാഗവും മനസിലാക്കുക.
* കൊച്ചുകുട്ടികള്‍ക്കായി കളിപ്പാങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ തീരെ ചെറുതും ഇളകിവീഴുന്നതുമായ കളിപ്പാട്ടങ്ങള്‍ ഉപേക്ഷിക്കുക. ബലൂണുകള്‍, ഗോലികള്‍, ചെറിയപന്തുകള്‍, വിസിലുകള്‍ എന്നിവയുള്ള കളിപ്പാട്ടങ്ങള്‍ അപകടം വരുത്തും. ശരിയായ രീതിയില്‍ ഉറപ്പിച്ചിട്ടില്ലാത്ത പളുങ്കു പോലുള്ള കണ്ണുകളോടും മൂക്കുകളോടും കൂടിയ സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. ഇവയൊക്കെ കുഞ്ഞുങ്ങള്‍ വായില്‍ ഇടാന്‍ സാധ്യതയുണ്ട്.
* നീളത്തിലുള്ള ചരടുകളോ വയറുകളോ ഉള്ള കളിപ്പാങ്ങളും ഒഴിവാക്കുക. കാരണം ചരട് കഴുത്തില്‍ മുറുകി ശ്വാസതടസത്തിന് സാധ്യതയുണ്ട്.
* മൂര്‍ച്ചയേറിയതും കൂര്‍ത്തതുമായ ഭാഗങ്ങളോടുകൂടിയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. പിസ്റ്റളുകള്‍, അമ്പും വില്ലും, കുട്ടിയും കോലും എന്നിവ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
* ക്രയോണുകളും പെയിന്റുകളും വാങ്ങുമ്പോള്‍ വില കൂടിയാലും നോണ്‍ ടോക്‌സിക് ലേബലുകള്‍ ഉള്ളവ വാങ്ങുക.
* കളിപ്പാട്ടം ഏതായാലും ചെറിയ കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവരുടെ ശ്രദ്ധ വേണം.

സീമ മോഹന്‍ലാല്‍