ഉരുളക്കിഴങ്ങ് വിഭവങ്ങള്‍
ഉരുളക്കിഴങ്ങുകൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങള്‍ പരീക്ഷിക്കാം.

ഫ്രഞ്ച് ഫ്രൈസ്

ചേരുവകള്‍
ഉരുളക്കിഴങ്ങ് -മൂന്ന് എണ്ണം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ചാട്ട് മസാല -ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം
നല്ല നീളമുള്ള മുഴുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീളത്തില്‍ മുറിച്ച് തണുത്ത വെള്ളത്തില്‍ കഴുകി എടുക്കുക. ഇതു വെള്ളമൊഴിച്ച് ഉപ്പു ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ നിര്‍ത്തണം (അധികം തിളയ്ക്കരുത്). എന്നിട്ട് അരിപ്പയില്‍ വെള്ളം പോകാന്‍ വയ്ക്കുക. വെള്ളം പോയിക്കഴിയുമ്പോള്‍ നല്ലതുപോലെ തിളച്ച എണ്ണയില്‍ ഡീപ്പ് ഫ്രൈ ചെയ്യണം. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരി എണ്ണ വാലാന്‍ വയ്ക്കുക. അതിലേക്ക് ചാട്ട് മസാല ചേര്‍ത്ത് ഇളക്കണം. (ഇഷ്ടമുള്ളവര്‍ മാത്രം ചാട്ട് മസാല ചേര്‍ത്താല്‍ മതി). ഫ്രഞ്ച് ഫ്രൈസ് റെഡി. സോസ് വച്ച് വിളമ്പാം.

പൊറ്റോ ഫിംഗേഴ്‌സ്

ചേരുവകള്‍

ഉരുളക്കിഴങ്ങ് -രണ്ട് എണ്ണം
സവാള (ചെറുത്) -ഒന്ന്
റവ -100 ഗ്രാം
പച്ചമുളക് -രണ്ട് എണ്ണം
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ഒരു തണ്ട്
മുട്ട -ഒന്ന്
റൊിപ്പൊടി -മൂന്ന് ടേബിള്‍സ്പൂണ്‍

തയാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് എടുക്കുക. അതിലേക്ക് ചൂടുവെള്ളത്തില്‍ നന്നായി കുഴച്ച റവ ചേര്‍ക്കണം. ഈ കൂട്ടിലേക്ക് സവാള, പച്ചമുളക്, ഉപ്പ്, കറിവേപ്പില ഇവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ഉപ്പും ആവശ്യത്തിന് ചേര്‍ക്കണം. ഇതു നന്നായി കുഴച്ച് വിരല്‍ ആകൃതിയില്‍ എടുക്കുക. ഇതു മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയിലും മുക്കി നന്നായി തിളച്ച എണ്ണയില്‍ വറുത്ത് കോരണം. സോസ് വച്ച് വിളമ്പാം.ഹണി ഗ്ലേസ് ചില്ലി പൊട്ടറ്റോ

ചേരുവകള്‍
ഉരുളക്കിഴങ്ങ് -രണ്ട് എണ്ണം
കാപ്‌സിക്കം -ഒന്ന്
മൈദ -രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി -മൂന്ന് അല്ലി
സവാള -ഒരെണ്ണം
മുട്ട വെള്ള -ഒരു മുട്ടയുടേത്
ടുമാറ്റോ സോസ്, സോയ സോസ് -ഒരു ടേബിള്‍ സ്പൂണ്‍ വീതം
തേന്‍ - ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസ് ചെയ്യുന്നതുപോലെ മുറിച്ച് വെള്ളത്തില്‍ തിള വരുമ്പോഴേ നിര്‍ത്തി വെള്ളം വാലാന്‍ വയ്ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മൈദയും ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളവറും ചേര്‍ത്ത് ഇളക്കണം. അതിനുശേഷം ബാക്കി മൈദയും കോണ്‍ഫ്‌ളവറും ഉപ്പും മുട്ട വെള്ളയും ചേര്‍ത്ത് ബാറ്റര്‍ ഉണ്ടാക്കുക. ഓരോ കഷണവും എടുത്ത് ബാറ്ററില്‍ മുക്കി ഡീപ്പ് ഫ്രൈ ചെയ്യണം. ഒരു പാന്‍ എടുത്ത് എണ്ണ ചൂടാക്കി അതില്‍ സവാള, കാപ്‌സിക്കം, വെളുത്തുള്ളി (ചതുരത്തില്‍ ചെറുതായി അരിഞ്ഞത്) ഇവ വഴറ്റുക. അതിലേക്ക് സോയ സോസ്, ടുമാറ്റോ സോസ് ഇവ ചേര്‍ക്കണം. എന്നിട്ട് പൊറ്റോ ഫ്രൈ ചേര്‍ത്ത് നന്നായി ഇളക്കുക. അവസാനം അല്‍പം തേനും ചേര്‍ത്ത് ഇളക്കി എടുത്ത് ചൂടോടെ ഉപയോഗിക്കാം.

പൊട്ടറ്റോ 65


ഉരുളക്കിഴങ്ങ് -മൂന്ന് എണ്ണം
മൈദ -3 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ -മൂന്ന് ടേബിള്‍ സ്പൂണ്‍
മുട്ട വെള്ള-1 മുട്ടയുടേത്
മുളകുപൊടി -ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
വെളുത്തുള്ളി -2 അല്ലി (ചെറുതായി അരിഞ്ഞത്)
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി മുറിക്കുക. ഇതു വെള്ളത്തില്‍ ഇട്ട് പകുതി വേവിച്ച് എടുക്കണം. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് ബാറ്റര്‍ തയാറാക്കുക. ബാറ്റര്‍ കുറുകി ഇരിക്കണം. പകുതി വെന്ത കിഴങ്ങ് ഈ ബാറ്ററില്‍ മുക്കി ഓരോന്നായി ഇടുക. തീ കൂട്ടയും കുറച്ചും കൊടുക്കണം. നല്ല റെഡിഷ് ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ കോരി കറിവേപ്പിലയും പപ്പടവും വറുത്തത് ഇട്ട് ഗാര്‍നിഷ് ചെയ്ത് വിളമ്പാം.

ആലൂ സ്‌മൈലി

ഉരുളക്കിഴങ്ങ് -രണ്ടെണ്ണം
റൊട്ടിപ്പൊടി -നാല് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മുളകുപൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍

തയാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി ഉടച്ച് എടുക്കുക. കഷണം ഒന്നും കാണരുത്. സ്മാഷ് ചെയ്ത പൊട്ടറ്റോയിലേക്ക് റൊട്ടിപ്പൊടിയും കോണ്‍ഫ്‌ളവറും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. കൈയില്‍ പിടിക്കാതിരിക്കാന്‍ കൈയില്‍ എണ്ണ പുരട്ടണം. കുഴച്ചതിലേക്ക് മുളകുപൊടിയും കുരുമുളകു പൊടിയും ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. നല്ല ചപ്പാത്തി മാവിന്റെ പരുവത്തില്‍ മയത്തില്‍ കുഴച്ച് ഒരു ബോള്‍ ആക്കണം. ഇത് അല്‍പനേരം വച്ചശേഷം വീണ്ടും മയം വരുത്തി പരത്തുക. ഈ പരത്തിയ മാവ് എന്തെങ്കിലും വട്ടത്തിലുള്ള അച്ചില്‍വച്ച് പല റൗണ്ട് ആക്കണം. ഓരോ വട്ടത്തിനും കണ്ണും ചിറിയും കൊടുക്കുക. സ്‌ട്രോയോ വേറെ എന്തെങ്കിലും വമോ ഉപയോഗിച്ച് കണ്ണ് വച്ച് കൊടുക്കണം. സ്പൂണ്‍ കമഴ്ത്തി വച്ച് ചിറി കൊടുക്കുക. അതിനുശേഷം ഓരോ സ്‌മൈലി എടുത്ത് എണ്ണയില്‍ വറുത്തു കോരണം. ബാക്കി വരുന്ന മാവ് കൊണ്ടും സ്‌മൈലി ഉണ്ടാക്കാം. വറുത്തു കോരിയ സ്‌മൈലി ടുമാറ്റോ സോസ് വച്ച് വിളമ്പാം.

ആലൂ വട

ഉരുളക്കിഴങ്ങ് -രണ്ടെണ്ണം
സവാള -ഒരെണ്ണം
പച്ചമുളക് -രണ്ടെണ്ണം
കടലമാവ് -മൂന്ന് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
മല്ലിയില -ഒരു തണ്ട്
വെളുത്തുള്ളി -1 അല്ലി
ഉപ്പ് -ആവശ്യത്തിന്


തയാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി ഉടയ്ക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില ഇവ ന്നായി കൊത്തിയരിയണം. ഉടച്ചുവച്ചിരിക്കുന്ന കിഴങ്ങിലേക്ക് കടലമാവും കൊത്തിയരിഞ്ഞവയും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഒട്ടിപിടിക്കാതിരിക്കാന്‍ കൈയില്‍ എണ്ണ പുരണം. നന്നായി കുഴച്ചതിനുശേഷം ചെറിയ ഉരുളകളാക്കി വടയുടെ പരുവത്തില്‍ പരത്തി എണ്ണയില്‍ ഡീപ്പ് ഡ്രൈ ചെയ്യുക. ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ കോരി എണ്ണ വാലാന്‍ വയ്ക്കണം. ചട്‌നി കൂട്ടി വിളമ്പാം.സോജി മനോജ് പാലത്ര
ചങ്ങനാശേരി