ഗർഭധാരണം 35നു ശേഷമാകുന്പോൾ
കാലം മാറി. പണ്ടത്തെപ്പോലെ 20 ൽ കല്യാണം കഴിക്കാനൊന്നും ന്യൂജെൻ പെണ്‍പിള്ളേർ തയ്യാറല്ല. ഉപരിപഠനത്തിനു ശേഷം ആഗ്രഹിച്ച ജോലിയും നേടി, ബാച്ച്ലർ ലൈഫ് ആസ്വദിച്ചതിനുശേഷം മതി കല്യാണമെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ പിന്നെ സെറ്റിൽ ചെയ്യാനുള്ള തിരക്കിലാവും കൂടുതൽ പേരും. ഒടുവിൽ ജീവിതതിരക്കുകളൊക്കെ കഴിഞ്ഞ് അമ്മയാകാൻ ഒരുങ്ങുന്പോഴേക്കും പലർക്കും പ്രായം മുപ്പതു കഴിഞ്ഞിരിക്കും. പ്രായം കൂടുന്തോറും സ്ത്രീകൾക്ക് അമ്മയാകാനുള്ള സാധ്യത കുറയുമെന്നത് സ്വാഭാവികമാണ്. 35 നു ശേഷം സ്ത്രീകളിൽ പ്രത്യുൽപാദനക്ഷമത കുറയുന്നതിനാലാണിത്. ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം 20 നും 26 നുമിടയിലാണെന്ന കാര്യത്തിൽ തർക്കമില്ല. നിരവധി കാരണങ്ങളാൽ പലർക്കും നേരത്തെയുള്ള ഗർഭധാരണം സാധ്യമായെന്നുവരില്ല. എന്നാൽ പ്രായം കൂടിയെന്നോർത്ത് ആശങ്കപ്പെടേണ്ട. 35 കഴിഞ്ഞും ഗർഭധാരണം സാധ്യമാകും. 90കളിലേതു പോലെയല്ല. ഇന്നത്തെക്കാലത്ത് 30വയസ്സിലും, 40വയസിലും പ്രസവിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ ഗർഭധാരണം 35 നു ശേഷമാകുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വേണം ആരോഗ്യവും ആത്മവിശ്വാസവും

ഫാസ്റ്റ് ഫുഡും, അലസതയും, ചിട്ടയില്ലാത്ത ജീവിതരീതികളും യുവതലമുറയുടെ ആരോഗ്യത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. സ്ത്രീകളിൽ 30 ആവുന്പോഴേക്കും പൊണ്ണത്തടിയും, പലവിധ അസുഖങ്ങളും കാണാം. പലരും ഇതൊന്നും കാര്യമാക്കാറില്ല. എന്നാൽ അമ്മയാകാൻ ഒരുങ്ങുന്നവർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കണം. പതിവായി യോഗയും മറ്റ് വ്യായാമങ്ങളും ശീലിച്ചും, ചിട്ടയായ ജീവിതരീതികളിലൂടെയും ആരോഗ്യം കാത്തുസൂക്ഷിക്കണം. ഇത് ഗർഭധാരണത്തിന് തൊട്ടുമുൻപ് തുടങ്ങേണ്ടതല്ല. വിവാഹവും, അമ്മയാകലുമെല്ലാം കുറച്ചു കഴിഞ്ഞിട്ടുമതിയെന്ന് ചിന്തിക്കുന്നവർ ആരോഗ്യകാര്യങ്ങൾ നേരത്തെ ശ്രദ്ധിക്കണമെന്നു ചുരുക്കം. കാരണം പ്രായം കുറയ്ക്കുക എന്തായാലും സാധ്യമല്ല. എന്നാൽ 30 കളിലും, 40 കളിലും ആരോഗ്യവും ആത്മവിശ്വാസവും ഉൗർജസ്വലതയുമുള്ള സ്ത്രീയാണ് നിങ്ങളെങ്കിൽ ഗർഭധാരണത്തിന് പ്രായക്കൂടുതൽ വലിയ തടസ്സമാവില്ല.

ഗർഭധാരണത്തിനു മുൻപെ തയ്യാറെടുപ്പുകൾ

ഗർഭം ധരിക്കാൻ ഒരുങ്ങുതിനു 36 മാസം മുന്പ് തന്നെ ഡോക്ടറെ കണ്ട് നിർദ്ദേശം തേടേണ്ടതുണ്ട്. ഗർഭിണിയാകുന്നതിന് മുന്പായുള്ള കൗണ്‍സലിംഗ് നിങ്ങളെ മാനസികവും ശാരീരികവുമായി ഗർഭധാരണത്തിന് ഒരുങ്ങാൻ സഹായിക്കും. മാത്രമല്ല ഗർഭം ധരിക്കുന്നതിന് മുന്പായി നിങ്ങൾക്കാവശ്യമായ ശരീര ഭാരത്തിലേക്ക് എത്തുകയും വേണം. ആദ്യം ഭാരക്കൂടുതൽ ഉള്ളവർ ശരീരഭാരം അൽപ്പം കുറയ്ക്കുന്നത് ഗർഭകാലത്തെ പ്രമേഹത്തിെൻറ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീര ഭാരം കുറവുള്ളവർ സുരക്ഷിത ഗർഭധാരണത്തിനായി മതിയായ ശരീരഭാരത്തിലേക്ക് എത്തുകയും വേണം. ഗർഭധാരണത്തിനു ശ്രമിക്കുന്നവർ ആർത്തവം, ഓവുലേഷൻ തുടങ്ങിയ കാര്യങ്ങളിൽ പൂർണശ്രദ്ധ ചെലുത്തണം. ഇത് എളുപ്പത്തിൽ ഗർഭം ധരിക്കാൻ സഹായിക്കും. ആരോഗ്യകരമായ ഗർഭ ധാരണത്തിന് നിങ്ങളുടെ ശരീരം സജ്ജമാണോയെന്നു തിരിച്ചറിയാനുള്ള മെഡിക്കൽ ടെസ്റ്റുകളും ചെയ്യേണ്ടതുണ്ട്.

ഭക്ഷണക്രമം

ഗർഭകാലത്ത് ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. രണ്ട് വയറുകൾ നിറയേണ്ടതാണ്, ഗർഭിണികൾ ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്നൊക്കെ പഴമക്കാർ പറയും. എന്നാൽ തോന്നിയതുപോലെ വാരിവലിച്ച് കഴിച്ചാൽ തടി കൂടുെന്ന കാര്യത്തിൽ സംശയം വേണ്ട.. ഷുഗർ, ബി.പി, കൊളസ്ട്രോൾപോലുള്ള രോഗങ്ങളും പിടിപെടും. ഇഷ്ടമുള്ളത് കഴിക്കാമെന്ന് കരുതി മധുരപലഹാരങ്ങളും കൂടുതൽ കഴിക്കേണ്ട. പ്രമേഹസാധ്യതതന്നെയാണ് പ്രശ്നം. പോഷകാഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഫാസ്റ്റ്ഫുഡ് ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്പോൾ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാൻ മടികാണിക്കരുത്.


പ്രമേഹവും രക്തസമ്മർദവും വില്ലനാകുമോ?

പ്രത്യേകിച്ച് പ്രായക്കൂടുതലുള്ളപ്പോൾ ഗർഭധാരണത്തിന് മുന്പ് എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇവ ഗർഭകാലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പ്രമേഹം ഉണ്ടെങ്കിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്പോൾ ഏറെ ശ്രദ്ധ നൽകണം. ആരോഗ്യമുള്ള കുഞ്ഞിന് ജ·ം നൽകുന്നതിന് ഗർഭധാരണത്തിന് മുൻപും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. അതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ഗർഭകാലത്ത് ഹൈപ്പർടെൻഷൻ മൂലമുള്ള കുഴപ്പങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ രക്തസമ്മർദ്ദവും പരിശോധിക്കേണ്ടതാണ്.

വ്യായാമവും വിശ്രമവും

35 വയസിനുശേഷം ഗർഭിണിയാകുന്പോൾ ഗൈനക്കോളജിസ്റ്റിെൻറ നിർദ്ദേശാനുസരണം ആവശ്യമായ മെഡിക്കൽ ടെസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ നടത്തേണ്ടതുണ്ട്. പ്രായക്കൂടുതലുള്ളതിനാൽ കുഞ്ഞിന് ഡൗണ്‍ സിൻഡ്രോം പോലുള്ള രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രായത്തിൽ ഗർഭം ധരിക്കുന്പോൾ അബോർഷൻ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ ആകുലപ്പെടേണ്ട, കുഞ്ഞിന് ജനിതക വൈകല്യങ്ങളോ, മറ്റോ ഉണ്ടെങ്കിൽ സ്കാനിംഗിലൂടെ നേരത്തെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്.

വ്യായാമവും വിശ്രമവും

ഗർഭകാലം മുഴുവൻ ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നത് നിങ്ങളുടെയും കുഞ്ഞിെൻറയും ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് ഗർഭിണിയാകുന്നതിനു മുന്പെ വ്യായാമം ശീലിച്ചവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം വ്യായാമം തുടരാം. മാനസിക സമ്മർദമൊഴിവാക്കാനും, പ്രസവം സുഖകരമാക്കുന്നതിനും ലഘുവ്യായാമങ്ങൾ സഹായിക്കും. വ്യായാമങ്ങൾ ചെയ്യാത്തവർക്ക് നടത്തം ശീലമാക്കാം. പ്രായമേറിയവർ ഗർഭിണിയായാൽ വിശ്രമം അത്യാവശ്യമായി വേണ്ടതാണ്. പ്രത്യേകിച്ച് ആദ്യ മൂന്ന് മാസം. ഇക്കാലയളവിൽ ബൈക്ക്, ഓട്ടോറിക്ഷ യാത്രയും കുറയ്ക്കണം. ഗർഭിണികൾ നിർബന്ധമായും എട്ടു മണിക്കൂർ ഉറങ്ങുകയും വേണം.

ആശങ്ക വേണ്ട, പോസിറ്റീവായി ചിന്തിക്കു...

മാനസിക സമ്മർദ്ദവും ആശങ്കകളും ആവശ്യത്തിലധി കമുള്ള കാലമാണ് ഗർഭകാലം. എന്നാൽ ഒഴിവു സമയങ്ങളിൽ നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് പോസിറ്റീവായി ചിന്തിക്കാൻ ശ്രമിക്കണം. നിങ്ങളുടെ കുഞ്ഞിെൻറ ആരോഗ്യം നിങ്ങളുടെ കരുതലാണ്. ഇഷ്ടമുള്ള പാട്ടു കേട്ടും, പുസ്തകങ്ങൾ വായിച്ചും, സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും മാനസിക സമ്മർദങ്ങളെ പടിക്കു പുറത്താക്കണം. ഇത് പ്രസവം സുഖകരമാക്കുന്നതിന് സഹായിക്കും. പ്രായക്കൂടുതലാണെന്ന് കരുതി ഇനി ആശങ്കപ്പെട്ടിരിക്കേണ്ട. ആരോഗ്യവും ആവിശ്വാസവും കൈമുതലാക്കിയാൽ പ്രായത്തെ തോൽപ്പിച്ച് നാൽപതുകളിലും അമ്മയാകാം.

ഡോ.ബിജോയ് ബാലകൃഷ്ണൻ
കണ്‍സൾട്ടന്‍റ് ഒബ്സ്റ്റസ്ട്രീഷ്യൻ, സൈമർ ഹോസ്പിറ്റൽ, കൊച്ചി