സംഗീതമയം
സംഗീത ശ്രീകാന്ത് തിരക്കിലാണ്. കാരണം സംഗീതം ആസ്പദമാക്കിയുള്ള ഏതു സംഗീത പരിപാടിയുടെയും ആങ്കറിംഗ് ചെയ്യുന്നത് സംഗീതയാണ്. യുവസംവിധായകരായ രാഹുൽരാജ്, അലക്സ് പോൾ, ബിജിപാൽ, എം. ജയചന്ദ്രൻ എന്നിവർ ഈ ഗായികയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവസരങ്ങൾ നൽകി. സംഗീതയുടെ വിശേഷങ്ങളിലേക്ക്...

സരിഗമയിലെ വഴിത്തിരിവ്

2005ൽ സരിഗമ ടിവി പരിപാടിയിൽ മെഗാ ഫൈനലിസ്റ്റായത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കുറച്ചു കൂടി സീരിയസ്സായിട്ട് സംഗീതത്തെ കാണാൻ തുടങ്ങി. പിന്നെ ചാനലുകളിൽ സംഗീതം ആസ്പദമാക്കിയുള്ള കുറെ പ്രോഗ്രാമുകളുടെ ആങ്കറായി. ഒരിക്കലും ഇതൊരു ഉപജീവനമാർഗമായിത്തീരുമെന്ന് കരുതിയിരുന്നതല്ല. സംഗീതത്തിനോടുള്ള താൽപര്യം മാത്രമേ മുന്നിൽ കണ്ടിരുന്നുള്ളൂ.

പഠനത്തോടൊപ്പം സംഗീതവും

ചെറുപ്പത്തിൽ പഠനത്തിൽ മുൻനിരയിലായിരുന്നുവെങ്കിലും ഡാൻസ്, പാട്ട് ഇവയോടും ഒരു വല്ലാത്ത കന്പമായിരുന്നു. കുട്ടിക്കാലം മുതൽ അങ്ങനെയായിരുന്നു. കലകളോടായിരുന്നു കൂടുതൽ ശ്രദ്ധ. കലകളുമായി ബന്ധപ്പെടുത്തി ഏതെങ്കിലുമൊന്ന് ഒരു പ്രഫഷനാക്കാമെന്നായിരുന്നു അന്നും കരുതിയിരുന്നത്. എങ്കിലും പിന്നണിഗായിക എന്നൊന്നും ഫോക്കസ് ചെയ്തിരുന്നില്ല. പഠനമാണെങ്കിലും ഭാഷാവിഷയങ്ങളോടായിരുന്നു താൽപര്യം. അതുകൊണ്ടാണ് ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിഗ്രിക്ക് തിരഞ്ഞെടുത്തത്.

ഛോട്ടാ മുംബൈയിൽ തുടക്കം

ഛോട്ടാ മുംബൈയിലെ പൂനിലാ മഴ നനയും എന്ന ഗാനമായിരുന്നു ആദ്യത്തെ സിനിമാഗാനം. നല്ലൊരു മെലഡിയായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം. അതിനിടെ സ്റ്റേജ് ഷോസ് പലതും ചെ യ്തു തുടങ്ങിയിരുന്നു. സിനിമയിൽ ആ ഗാനമുണ്ടായിരുന്നില്ല. എങ്കിലും ഈ ഗാനത്തോട് ഇപ്പോഴും ആൾക്കാർക്ക് ഒരു പ്രിയമുണ്ട്. യൂട്യൂബിലും മറ്റും ഇപ്പോഴും ഹിറ്റാണ്. ഗാനമേളകൾക്കും സ്ഥിരം ആവശ്യപ്പെടുന്ന ഗാനമാണിത്.

ഹിറ്റുകളുടെ പെരുമഴ...

പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പ്രവാഹമായിരുന്നു. എം. ജയചന്ദ്രൻ സാറിെൻറ സംഗീതത്തിൽ ചട്ടക്കാരി സിനിമയിൽ നല്ലൊരു ഗാനം ആലപിച്ചു. കത്ത് ആൻഡ് കത്തിലും മഹേഷിെൻറ പ്രതികാരത്തിലും പാടിയിട്ടുണ്ട്. ബിജിപാൽ സാറാണ് സംവിധായകൻ. ലൈഫ് ഓഫ് ജോസ്കുട്ടിയിലെ ഒരു ഗാനവും ഇപ്പോഴും നല്ല ഹിറ്റാണ്. ഒന്നും മിണ്ടാതെ എന്ന സിനിമയിൽ നല്ലൊരു ഗാനം ആലപിച്ചു. പക്ഷെ ഒന്നും അറിയാതെ പോയി. വേണ്ടത്ര ഹിറ്റായില്ല ആ ഗാനം. മുന്പ് ഹലോ എന്ന സിനിമയിൽ അഞ്ചു ഗാനങ്ങൾ പാടിയിട്ടുണ്ട്.

എം. ജയചന്ദ്രൻ സാറിന്‍റെ ഗാനങ്ങൾ

ചെന്നൈയിൽ വച്ചായിരുന്നു റിക്കാർഡിങ്ങ്. എനിക്ക് ഭയങ്കര പേടിയായിരുന്നു. സാർ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അദ്ദേഹം വളരെ കൂളായിരുന്നു. റിക്കാർഡിങ്ങിെൻറ ടേക്ക് എടുക്കുന്ന സമയത്ത് എന്നെ കംഫർട്ടബിൾ ആക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിശീലിക്കാൻ കുറെ സമയം തന്നു. പാട്ടിൽ നല്ലൊരു കംഫർട്ട് . കിട്ടിയ ശേഷമാണ് പാടിപ്പിച്ചത്. അതിനിടെ ഞാൻ റിലാക്സ് ആയിക്കഴിഞ്ഞിരുന്നു. ഗാനത്തിെൻറ മൂഡും ഫീലും വ്യക്തമായി പറഞ്ഞുതന്നു. ഫീലിനു വേണ്ടിയി
ട്ടുള്ള കറക്ഷൻസാണ് പ്രധാനമായിട്ടും അദ്ദേഹത്തിന് ചെയ്യേണ്ടി വന്നത്. പക്ഷെ സംഗീതത്തിെൻറ കാര്യത്തിൽ വളരെ കണിശക്കാരനാണ്.

മിനി സ്ക്രീനിൽ താരപരിവേഷം

സിനിമയെക്കാൾ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും തിരിച്ചറിയുന്നതും മിനി സ്ക്രീനിലാണ്. പ്രേക്ഷകരുടെ സ്നേഹത്തെക്കുറിച്ച് എനിക്ക് പറയാതിരിക്കാനാവില്ല. അവരുടെ വീട്ടിലെ ഒരു കുടുംബാംത്തെപ്പോലെയാണ് അവർ കാണുന്നതും, പെരുമാറുന്നതും. വിദേശത്ത് ഗാനമേളകൾക്കും മറ്റും പോകുന്പോൾ പ്രകടിപ്പിക്കുന്ന സ്നേഹവും കരുതലും വളരെ വലുതാണ്.


അഭിനേതാക്കൾ പ്രശ്നമല്ല

സിനിമയിലെ പശ്ചാത്തലം പറഞ്ഞുതരും. പക്ഷെ ഒരു സിനിമാനടിയുടെ ശബ്ദവും മാനറിസവുമനുസരിച്ച് പാടണമെന്നൊന്നും പറയാറില്ല. പണ്ട് ഒരേ നടിക്കുവേണ്ടി സ്ഥിരം പാടുന്ന ഗായിക എന്നൊരു കീഴ്വഴക്കം ഉണ്ടായിരുന്നു. അങ്ങനെ ഒരു കോന്പിനേഷനൊക്കെ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സംഗീതരംഗത്തും അഭിനയ രംഗത്തും കരിയർ ലൈഫ് കുറവല്ലേ. പലരും മാറി മാറി വരുന്നു. അതുകൊണ്ട് അങ്ങനെ ഒരു കണ്‍സപ്ട് ഇപ്പോൾ ഇല്ല. എങ്കിലും ക്യാരക്ടർ റോൾ ചെയ്യുന്ന അഭിനേത്രികൾക്ക് ഇണങ്ങുന്ന ശബ്ദമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മുപ്പത്തി രണ്ടാം അദ്ധ്യായം 23ാം വാക്യം എന്ന സിനിമയിലെ ഞാൻ പാടിയ ഓമൽ കണ്‍മണി... എന്ന പാട്ടിൽ മിയയാണ് അഭിനയിച്ചത്. പലരും അത് കണ്ടിട്ട് മിയ തന്നെ പാടുന്ന പോലെയുണ്ടായിരുന്നുവെന്നു പറഞ്ഞു.

രണ്ട് മൈൻഡ് സെറ്റ്

ഒരു റിക്കാർഡിങ്ങിനു വേണ്ടി പാടുന്നതും ഒരു സ്റ്റേജ് ഷോയിൽ പാടുന്നതും രണ്ടും ഒരേ തരത്തിലുള്ള മൈൻഡ് സെറ്റ് അല്ല ഉണ്ടാക്കുന്നത്. ഒരു നാണയത്തിെൻറ രണ്ടു വശങ്ങളാണ്. സ്റ്റേജിൽ പാടുന്പോൾ, പ്രതികരണം ഓഡിയൻസിൽ നിന്നും ഉടൻ തന്നെ ലഭിക്കും. ഒരുപാട് കേട്ടും പാടിയും പരിചയമുള്ള പാട്ടുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. റിക്കാർഡിങ്ങിൽ അങ്ങനെയല്ല. പുതിയ ഒരു ക്രിയേറ്റിവിറ്റിയെയാണ് നേരിടുന്നത്. ആ വ്യത്യാസം എന്തായാലും ഉണ്ടാകും. റിസ്ക് രണ്ടു സ്ഥലത്തും ഉണ്ട്. മറ്റുള്ളവർ പാടിയ പാട്ട് പാടുന്പോൾ കൂടുതൽ റിസ്ക് ആണ്. ജാനകിയ പാടിയ പാട്ടാണ് സ്റ്റേജിൽ പാടുന്നതെങ്കിൽ ആളുകൾ അവർ നേരത്തേ കേട്ടിട്ടുള്ള ഗാനവുമായാണ് താരതമ്യപ്പെടുത്തുന്നത്. പുതിയ ഗാനമാണെങ്കിൽ അതിനെ സ്വയം ഏറ്റെടുത്ത് അതിന് ആത്മാവ് കൊടുക്കണം. അങ്ങനെ സ്റ്റേജിൽ പാടുന്നതിനേക്കാൾ ഒരു പത്തിരിയോളം വലിയ ദൗത്യമാണ് പുതിയ ഗാനത്തിെൻറ ആലാപനം.

കുടുംബം

ഭർത്താവ് ശ്രീകാന്ത്, സംവിധായകനും കഥകളി ആർട്ടിസ്റ്റുമാണ്. പത്തു വർഷം കഥകളി പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പരസ്യ ഏജൻസിയുണ്ട്. മകൻ, മാധവ് ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു. എറണാകുളത്താണ് താമസം.

മെലഡിയുടെ കുപ്പായം

അടിപൊളി ഗാനങ്ങളേക്കാളും മെലഡി പാടാനാണ് കൂടുതൽ അവസരം ലഭിക്കുന്നത്. റിഥമിക്കായിട്ടുള്ള മെലഡീസും സോഫ്ട് മെലഡീസും ആണ് കൂടുതലും. കത്ത് ആൻഡ് കത്തിൽ പാടിയ ഗാനം റിഥമിക്ക് മെലഡിയാണ്. ഒന്നും മിണ്ടാതെ എന്ന സിനിമയിൽ കുസൃതി നിറഞ്ഞ മെലഡിയാണെങ്കിൽ മഹേഷിെൻറ പ്രതികാരത്തിൽ സോഫ്ട്, റൊമാൻറിക്ക് മെലഡിയാണ്. മെലഡിയിൽത്തന്നെയുള്ള പല വെറൈറ്റിയുള്ള പാട്ടുകൾ കിട്ടുന്നുണ്ട്. പ്ലെസൻറ് മെലഡിയും ഫീൽഗുഡ് മെലഡിയുമൊക്കെ ആലപിച്ചിട്ടുണ്ട്. അങ്ങനെ പലപല ഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള മെലഡീസ് ലഭിച്ചതുകൊണ്ട് എെൻറ ഗാനങ്ങൾ ഓരോന്നും വ്യത്യസ്തമാണ്.

അവസരം കിട്ടുകയാണെങ്കിൽ മെലോഡിയസായിട്ടുള്ള അടിപൊളി ഗാനങ്ങൾ പാടാൻ ആഗ്രഹമുണ്ട്. സിനിമകളിൽ ഇതുവരെ ക്ലാസിക്കൽ ടച്ചുള്ള ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടില്ല.

സുനിൽ വല്ലത്ത്