ഗര്‍ഭകാലത്തെ ലൈംഗികത
ആശങ്കകളുടെയും സംശയങ്ങളുടെയും കാലമാണ് ഗര്‍ഭകാലം. പ്രത്യേകിച്ച് കടിഞ്ഞൂല്‍ ഗര്‍ഭമാണെങ്കില്‍ ആശങ്കകളുടെ വേലിയേറ്റം തന്നെയായിരിക്കും. എന്തൊക്കെ കഴിക്കണം, എങ്ങനെ ഇരിക്കണം, എന്ത് ചെയ്യണം, എന്തൊക്കെ ഒഴിവാക്കണം തുടങ്ങി നൂറു സംശയങ്ങളുണ്ടാവും. ചില സംശയങ്ങളൊക്കെ ബന്ധുക്കളും അടുപ്പമുള്ളവരും ദുരീകരിക്കും. എന്നാല്‍ മറ്റുള്ളവരോട് ചോദിക്കാന്‍ മടിക്കുന്ന ചില സംശയങ്ങളുമുണ്ടാകും. അതിലൊന്ന് ഗര്‍ഭകാലത്ത് ലൈംഗികബന്ധം പാടുണ്ടോയെന്ന സംശയമാണ്. ഗര്‍ഭകാലത്തെ ലൈംഗികബന്ധം കുഞ്ഞിനെയും അമ്മയെയും ദോഷകരമായി ബാധിക്കുമോയെന്ന ഭയമാണ് പലരുടെയും സംശയത്തിന് പിന്നില്‍.

ഗര്‍ഭകാല ലൈംഗികത മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാണ്. ഗര്‍ഭിണിയാണ് എന്ന ബോധം ഉള്ളതിനാല്‍ വളരെ മൃദുവായ ചലനം ആവും. രതിമൂര്‍ച്ഛയുടെ സമയത്തുപോലും മൃദുവാകുക എന്ന മാസ്മരികത മനസിലാക്കിത്തന്നത് ആ കാലമാണ്. മിഷനറി പൊസിഷന്‍ തന്നെയായിരുന്നു ഏറ്റവും സേഫ് ആയി തോന്നിയത്. കൈമുട്ടുകളിലും കാല്‍ മുട്ടുകളിലും ഭാരം പൂര്‍ണമായും താങ്ങിയിരുന്നതിനാല്‍ വയറിനു മുകളില്‍ ഒരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല...

ഗര്‍ഭകാല ലൈംഗികബന്ധം പാടില്ലെന്ന ആയുഷ്മന്ത്രാലയത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റാണിത്. മാത്രമല്ല ഗര്‍ഭിണി ആയിരിക്കുമ്പോഴുള്ള മാനസികപ്രശ്‌നങ്ങളെ മറികടക്കാന്‍, ഹൃദ്യമായ ലൈംഗികതയ്ക്ക് സാധിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്... ഇതുതന്നെയാണ് വൈദ്യശാസ്ത്രവും പറയുന്നത്, ഗര്‍ഭിണിയായിരിക്കെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍, ഇരുവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ഗര്‍ഭകാലത്തും ലൈംഗികബന്ധം തുടരാമെന്ന് ചുരുക്കം.

ആശങ്ക വേണ്ട, ലൈംഗികത കുഞ്ഞിനെ മുറിവേല്‍പിക്കില്ല

ഗര്‍ഭകാല ലൈംഗികബന്ധം കുഞ്ഞിനെ വേദനിപ്പിക്കുമോ എന്നതാണ് പലരുടെയും സംശയം. തീര്‍ച്ചയായും അബദ്ധ ധാരണയാണത്. അങ്ങനെയൊരു സംശയമേ വേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കാരണം ഗര്‍ഭപാത്രത്തിനകത്താണ് ഗര്‍ഭസ്ഥ ശിശുവുള്ളത്. ഗര്‍ഭാശയമുഖത്തിന്റെ ആവരണം കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ട്തന്നെ കുഞ്ഞിനെ മുറിപ്പെടുത്തും, അബോര്‍ഷന് വഴിവയ്ക്കും തുടങ്ങിയ ധാരണകള്‍ പൂര്‍ണമായും തെറ്റാണ്. ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതിയും, മാനസികാവസ്ഥയും കണക്കിലെടുത്തുവേണം ഗര്‍ഭകാലത്തെ ലൈംഗികത. ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന എന്നതുമാത്ര മാണ് വൈദ്യശാസ്ത്രം ഓര്‍മിപ്പിക്കുന്നത്. അതായത് ലൈംഗികത ഗര്‍ഭിണിയുടെ ഉറക്കത്തെയും, വിശ്രമത്തെയും ബാധിക്കുന്ന തരത്തിലാവരുത് എന്ന് ചുരുക്കം.ലൈംഗികത പാടില്ലെന്ന് പറയുന്നതിനുപിന്നില്‍

ഗര്‍ഭിണിയായിരിക്കെ ചില സന്ദര്‍ഭങ്ങളില്‍ ലൈംഗികബന്ധം പാടില്ലെന്ന് പറയാറുണ്ട്. കാരണമിതാണ്. നേരത്തെ അബോര്‍ഷന്‍ ഉണ്ടായവരും, രക്തസ്രാവം, രോഗാണുബാധ, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭാശയ സങ്കോചങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരോടും, അപകടസാധ്യതകളൊഴിവാക്കാന്‍ ലൈംഗിക ബന്ധം ഒഴിവാക്കണമെന്ന് പറയാറുണ്ട്. ഗര്‍ഭകാലത്തു വിശ്രമവും മറ്റും നിര്‍ദ്ദേശിക്കപ്പെവരാണെങ്കിലും ലൈംഗികബന്ധം ഒഴിവാക്കുന്നതാവും നല്ലത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഗര്‍ഭിണിയായിരിക്കെ രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നമുള്ളവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഡോക്ടറുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇത്തരം കാര്യങ്ങളില്‍ ഗുണം ചെയ്യും. ലൈംഗികബന്ധം സുഖപ്രദമാക്കാന്‍ ജെല്ലുകളും മറ്റും ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ ഗര്‍ഭിണിയില്‍ അണുബാധയ്ക്കു കാരണമാവാനിടയുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തിലെ ആയാസകരമായ പൊസിഷനുകള്‍ ഒഴിവാക്കുകയും വേണം.


ഗര്‍ഭിണിക്ക് വേണം വിശ്രമവും വ്യായാമവും

മാനസികമായും ശാരീരികമായും ആവശ്യത്തിന് വിശ്രമം വേണ്ടകാലമാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭിണികള്‍ കിടക്കയില്‍ കിടന്നുള്ള പൂര്‍ണ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കണം എന്നു മാത്രം. ജോലിക്ക് പോകാത്തവരാണെങ്കില്‍ അധികം ആയാസമുണ്ടാക്കാത്ത വീട്ടു പണികള്‍ ചെയ്യാം. എല്ലാ ദിവസവും അല്പം നടക്കുന്നത് നല്ലതായിരിക്കും. ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം ധ്യാനം, പ്രാണായാമം, ലഘുവ്യായാമങ്ങള്‍ എന്നിവ ചെയ്യാവുന്നതാണ്. കഠിന വ്യായാമങ്ങള്‍, ഭാരമുള്ള വസ്തുക്കള്‍ എടുത്ത് നടക്കുക എന്നിവ ചെയ്യരുത്. അധികനേരം ഇരുന്നുകൊണ്ടുള്ള ദീര്‍ഘദൂരയാത്രകള്‍ അത്യാവശ്യമാണെങ്കില്‍ മാത്രം പോവുക. പോഷകപ്രദമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കണമെന്ന കാര്യവും മറക്കരുത്.

ഗര്‍ഭകാലത്തെ യോഗ

ശാരീരിക മാനസിക മാറ്റങ്ങള്‍ എറെയുണ്ടാകുന്ന ഗര്‍ഭകാലത്ത് യോഗ ഏറെ ഫലപ്രദമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും, ബിപി കുറയ്ക്കാനും യോഗ നല്ലൊരു വ്യായാമമാണ്. സാധാരണയായി ചെയ്യുന്ന യോഗ മുറകള്‍ എല്ലാം ഗര്‍ഭിണിയായിരിക്കെ ചെയ്യാന്‍ കഴിയില്ല. ഗര്‍ഭകാലത്ത് ലളിതമായ വ്യായാമ മുറകള്‍ ചെയ്യുന്നതാണ് നല്ലത്. മനസ്സിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം അമ്മയുടെയും, കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഗര്‍ഭകാലത്ത് യോഗ ചെയ്യാന്‍ പാടുള്ളു. മുന്‍പ് യോഗ ചെയ്ത് ശീലമില്ലാത്ത വരാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ അഭിപ്രായം കൂടി ചോദിച്ചറിഞ്ഞതിനു ശേഷം മാത്രമേ പരീശീലനം തുടങ്ങാവു.

ആവശ്യത്തിന് ഉറക്കം

വ്യായാമം മാത്രമല്ല ഗര്‍ഭകാലത്ത് വിശ്രമവും, ഉറക്കവും ശരിയായില്ലെങ്കില്‍ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. രാത്രിയില്‍ 8 മുതല്‍ 10 മണിക്കൂറും പകല്‍ 1 മുതല്‍ 2 മണിക്കൂര്‍ വരെയും ഉറങ്ങാം. അഞ്ചു മാസത്തിന് ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍, മലര്‍ന്നുകിടക്കാതെ, ഇടതുവശം ചെരിഞ്ഞു വേണം കിടക്കാന്‍. മാത്രമല്ല ഗര്‍ഭിണികള്‍ കമിഴ്ന്ന് കിടക്കുകയും ചെയ്യരുത്. കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശം ചെരിഞ്ഞ് മെല്ലെ എഴുന്നേല്‍ക്കുക.

ഉറക്കക്കുറവുണ്ടെങ്കില്‍ ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കുക. ഉറങ്ങുന്നതിന് മുന്‍പ് ഇളം ചൂടുപാല്‍ കുടിക്കുന്നതും നല്ലതാണ്. ദീര്‍ഘനേരമുള്ള പകലുറക്കം ഒഴിവാക്കുകയും വേണം.

ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി