കോട്ടയം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വേനൽമഴയിലും ഗണ്യമായ കുറവ്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ കണക്കുകൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ 18വരെ വേനൽമഴയിൽ 67 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 58 മില്ലിമീറ്റർ മഴയാണ് ഏപ്രിലിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചതാകട്ടെ വെറും 19 മില്ലിമീറ്റർ മാത്രം.
ഇങ്ങനെ പോയാൽ സമീപകാലത്ത് ഏറ്റവും കുറവു മഴ ലഭിച്ച ഏപ്രിലുകളിലൊന്നായി 2026 മാറുന്ന സ്ഥിതിയാണ്.
കൂടുതൽ മഴ പത്തനംതിട്ടയിൽ,കുറവ് കാസർഗോഡ്
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 42.2 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ സമയം പത്തനംതിട്ടയിൽ 101.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതാണ്. മഴലഭ്യതയിൽ 58 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇടുക്കിയാണ് മഴലഭ്യതയിൽ പത്തനംതിട്ടയ്ക്കു പിന്നിലുള്ളത്. 83.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 35.2 മില്ലിമീറ്റർ മഴ ലഭിച്ചു. 58 ശതമാനം കുറവാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്.
കാസർഗോഡ് ജില്ലയിലാണ് മഴ ലഭ്യതയിൽ ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്.18.9 മില്ലിമീറ്റർ മഴ ലഭ്യമാക്കേണ്ട സ്ഥാനത്ത് വെറും 6.5ശതമാനം മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. 66 ശതമാനം കുറവാണ് കാസർഗോഡ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലും മഴലഭ്യതയിൽ വൻ കുറവ് രേഖപ്പെടുത്തി. 42.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 7.1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. മഴലഭ്യതയിൽ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 47.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചതാകട്ടെ 8.9 മില്ലിമീറ്റർ മഴ മാത്രമാണ്.
2025ൽ 42 % അധിക മഴ
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഇതേസമയം 42 ശതമാനം അധിക വേനൽമഴയാണു ലഭിച്ചത്. 57.8 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 82 മില്ലിമീറ്റർ മഴ ലഭിച്ചു. എല്ലാ ജില്ലകളിലും കഴിഞ്ഞവർഷം ഇതേ തീയതികളിൽ മികച്ച മഴ ലഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ 136 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.മഹാരാഷ്ട്രയ്ക്കും തെലുങ്കാനയ്ക്കും കർണാടകയ്ക്കും മുകളിലായി ഉന്നത മർദമേഖല തുടരുന്നതാണ് നിലവിൽ ചൂടു വർധിക്കുന്നതിന് കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇത് ന്യൂനമർദത്തിനു നേർവിപരീത പ്രതിഭാസമാണ് സൃഷ്ടിക്കുന്നത്.
2024ൽ സംസ്ഥാനത്ത് റിക്കാർഡ് ചൂടാണു രേഖപ്പെടുത്തിയത്. അതിനുശേഷം ചൂട് ഏറ്റവുമധികം വർധിച്ചത് ഈ വർഷമാണ്. ഏപ്രിൽ അവസാനവാരത്തോടെ നിലവിലെ വരണ്ട സ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കാമെന്നും രാജീവൻ എരിക്കുളം പറഞ്ഞു.