തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി (29)യെ യാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പട്ടികജാതി വിദ്യാർഥിനിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
Tags : rape marriage sentenced imprisonment