ദിസ്പുർ: ആസാമിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിൽ സൈന്യത്തെ വിന്യസിച്ചതായി ഡിജിപി ഹർമീത് സിംഗ്. പ്രദേശത്തെ സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്നും എന്നാൽ സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗിലെ ഖെറോണിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഖെറോണിയിലെ മാർക്കറ്റ് പ്രദേശത്ത് വൻ സംഘർഷം ഉടലെത്തിരുന്നു. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. 58 പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്ന് വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.