ആലപ്പുഴ: നവകേരള ബസിന് നേരെ പ്രതിഷേധിച്ച എ.ഡി.തോമസ് എംഎൽഎയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും അതിക്രൂരമായി തല്ലിച്ചതച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികളിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ഇന്ന് വാദം കേൾക്കും.
ചൊവ്വാഴ്ച ജാമ്യഹർജികൾ കോടതി പരിഗണിച്ചിരുന്നെങ്കിലും ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ ഹർജികളിൽ വിശദമായ ആക്ഷേപം ഫയൽചെയ്യണമെന്ന വാദിഭാഗം അഭിഭാഷകന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
ജാമ്യ ഹർജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചെങ്കിലും അറസ്റ്റ് തടയാനുള്ള അധികാരം ഹൈക്കോടതിക്കാണെന്ന് കോടതി അറിയിച്ചു.
കേസിലെ മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഷൈജു, വിപിൻ, അരുൺ എന്നിവരുടെ ജാമ്യഹർജിയാണ് കോടതി ഇന്ന് പരിഗണിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഈ മാസം അഞ്ചിനു പരിഗണിക്കാനിരുന്ന ഒന്നും രണ്ടും പ്രതികളായ അനിൽകുമാറിന്‍റെയും സന്ദീപിന്‍റെയും ജാമ്യഹർജികൾ കൂടി ഇതോടൊപ്പം മുൻകൂറായി പരിഗണിയ്ക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ അപേക്ഷയിലാണ് അഞ്ചുപേരുടെയും ഹർജികൾ കോടതി ചൊവ്വാഴ്ച പരിഗണനയ്ക്കെടുത്തത്.
ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷയിൽ ആക്ഷേപം ഫയൽ ചെയ്യാനാണ് എ.ഡി. തോമസിന്‍റെയും അജയ് ജ്യുവലിന്‍റെയും അഭിഭാഷകൻ സമയം തേടിയത്. മൂന്നുമുതൽ അഞ്ചുവരെ പ്രതികളുടെ ജാമ്യ ഹർജികളിൽ ഫയൽ ചെയ്ത ആക്ഷേപത്തിനൊപ്പം സംഭവത്തിന്‍റെ നാലു തത്സമയ വീഡിയോ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും 27 ഫോട്ടോകളും കോടതിക്ക് കൈമാറി.
എ.ഡി. തോമസും അജയ് ജ്യുവലും ബസിന് നേരെ മുദ്രാവാക്യം മുഴക്കുന്നതും ബസ് കടന്നുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റഡിയിലിരിക്കെ ഗൺമാൻമാരുടെ അടിയേറ്റ് എ.ഡി. തോമസിന്‍റെ തലപൊട്ടി ചോരയൊലിക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഫോട്ടോകളിലും വീഡിയോകളിലുമുള്ളത്.
കേസിൽ പ്രതികളായ ഗൺമാനുൾപ്പെടെയുള്ളവരുടെ നടപടി കൃത്യനിർവഹണത്തിന്‍റെ ഭാഗമാണെന്ന പ്രതിഭാഗത്തിന്റെ വാദം പൊളിക്കുന്നതിനായി നവകേരള ബസ് തടയുകയോ അതിൽ അടിയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയ ദൃശ്യങ്ങൾക്ക് പുറമേ കൂടുതൽ വീഡിയോകളും ഫോട്ടോകളും ആക്ഷേപത്തിനൊപ്പം വാദിഭാഗം ഹാജാക്കിയിരിക്കുന്നത്.
കേസിൽ ഇതിനോടകം തെളിവുകൾ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമുള്ളതിനാൽ ജാമ്യം നൽകരുതെന്ന നിലപാടാകും പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും കൈക്കൊള്ളുക. എന്തായാലും ഇരുഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദങ്ങൾകേട്ടശേഷമാകും കോടതി ഇന്ന് ജാമ്യഹർജികളിൽ തീരുമാനം കൈക്കൊള്ളുക.
നേരത്തെ ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഗൺമാൻമാരുടെ നടപടി കൃത്യ നിർവഹണത്തിന്‍റെ ഭാഗമാണെന്നും അതിനാൽ കേസ് റഫർ ചെയ്യണമെന്നുമായിരുന്നു കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെയാണ് വധശ്രമമുൾപ്പെടെ ജാമ്യമില്ലാകുറ്റം ചുമത്തി പുനരന്വേഷണവും നടപടികളും ആരംഭിച്ചത്.
Tags : Bail application accused police