പരവൂര്‍: ഭാരതത്തിന്റെ അതിവേഗ റെയില്‍ സ്വപ്നങ്ങള്‍ക്കു ചിറകു നല്കി ബുള്ളറ്റ് ട്രെയിന്‍ കോച്ചുകളുടെ നിര്‍മാണത്തിനു ബംഗളൂരുവില്‍ അത്യാധുനിക പ്ലാന്റ് സജ്ജമായി. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിലെ ‘ആദിത്യ’ പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍വഹിച്ചു. ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിലാണ് ആഭ്യന്തര സാങ്കേതികവിദ്യയില്‍ കോച്ചുകള്‍ നിര്‍മിക്കാനുള്ള കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
അതിവേഗ റെയില്‍ സാങ്കേതികവിദ്യയുടെ വികസനം രാജ്യത്തെ തദ്ദേശീയ എന്‍ജിനിയറിംഗ് രംഗത്തെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.
അതിവേഗ റെയില്‍ സര്‍വീസുകള്‍ക്കായി ബി-28 വിഭാഗത്തില്‍പ്പെട്ട കോച്ചുകളാണു പ്ലാന്റില്‍ നിര്‍മിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ചെന്നൈക്കും ബംഗളൂരുവിനും ഇടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങും. ഇത് രണ്ട് നഗരങ്ങളെയും ഒരൊറ്റ സാമ്പത്തിക ഹബ്ബിന്റെ ഭാഗമായി മാറ്റാന്‍ സഹായിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പാളത്തിലിറക്കുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ബുള്ളറ്റ് ട്രെയിനുകള്‍ക്കു പുറമേ ദക്ഷിണേന്ത്യയിലെ റെയില്‍വേ വികസനത്തിന് ആക്കം കൂട്ടുന്ന നിരവധി പ്രഖ്യാപനങ്ങളും ചടങ്ങിലുണ്ടായി. ബംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. ഇതിന് പുറമെ ബംഗളൂരുവിനും മംഗളൂരുവിനുമിടയില്‍ പുതിയ വന്ദേ ഭാരത് ട്രെയിനും ഹുബ്ബള്ളിയില്‍നിന്ന് എല്‍എച്ച്ബി കോച്ചുകളോടുകൂടിയ പുതിയ മെയില്‍ എക്സ്പ്രസ് സര്‍വീസും ഉടന്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
Tags : Bullet train coach manufacturing plant