ആർ. ചന്ദ്രശേഖരൻ
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രോസിക്യൂഷൻ അനുമതിയെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് ഈ പുതിയ ഉത്തരവ് കോടതിക്ക് കൈമാറിയത്. നേരത്തെ ഹൈക്കോടതിയുടെ കടുത്ത സമ്മർദ്ദം മൂലമാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവിറക്കിയിരുന്നത്.
കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ഈ പരാമർശത്തിനെതിരെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ നിലപാട് മാറ്റാൻ നിർബന്ധിതരായത്. സർക്കാർ സമർപ്പിച്ച പുതിയ ഉത്തരവ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ. രതീഷ് എന്നിവരടക്കമുള്ളവരാണ് പ്രധാന പ്രതികൾ.