മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും എത്തിയപ്പോൾ.
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
Tags : Wayanad landslide Accident Meppadi V. D.Satheesan KalladiTunnel