പ്രതികളിൽനിന്നു കൈക്കൂലി ആവശ്യപ്പെടുന്ന മധ്യപ്രദേശ് മൊറേന സബൽഗഡ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാംബാബു നിബോറിയ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്).
മൊറേന (മധ്യപ്രദേശ്): ജാമ്യം അനുവദിക്കുന്നതിനായി പ്രതികളിൽനിന്ന് പരസ്യമായി കൈക്കൂലി വാങ്ങിയ എഎസ്ഐ സസ്പെൻഷനിൽ. മധ്യപ്രദേശിലെ മൊറേനയിലുള്ള സബൽഗഡ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാംബാബു നിബോറിയക്കെതിരെയാണ് നടപടി. ഇയാൾ പ്രതിയോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മൊറേന എസ്പി ധർമരാജ് മീണ അടിയന്തരമായി സസ്പെൻഡ് ചെയ്തത്.
ഒന്നുകിൽ ജയിലിൽ പോവുക, അല്ലെങ്കിൽ പണം തരിക... ഞാൻ നിങ്ങളെ ഇവിടെ വച്ചുതന്നെ വിട്ടയയ്ക്കാം - എന്ന് എഎസ്ഐ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഗ്രാമത്തിലെ ജലാശയവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ചിലർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ജാമ്യനടപടികൾക്കായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് എഎസ്ഐ രാംബാബു കൈക്കൂലി ആവശ്യപ്പെട്ടത്. ഈ സംഭാഷണം പരാതിക്കാരൻ രഹസ്യമായി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
വീഡിയോയുടെ വിശ്വാസ്യത ഔദ്യോഗികമായി പരിശോധിച്ചു വരികയാണെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പോലീസ് വകുപ്പിന്റെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.
അതേസമയം, സമൂഹമാധ്യമങ്ങളിൽ വൻ ട്രോളുകളാണ് പോലീസിനെതിരേ നിറയുന്നത്. പോലീസുകാർ പരന്പരാഗതമായി തുടർന്നുവരുന്ന ആചാരമാണ് കൈക്കൂലിയെന്നും, ദുരാചാരമായി കാണുന്ന നമ്മളാണ് യഥാർഥത്തിൽ തെറ്റുകാരെന്നും ചിലർ അഭിപ്രായപ്പെടുന്നു. ധാരാളം ത്യാഗങ്ങൾ സഹിച്ചാണ് മനോഹരമായ ആചാരം അവർ നിലനിർത്തിക്കൊണ്ടുപോകുന്നത്. സിസിടിവി കാമറ മുതൽ എന്തിന്, ബട്ടൺ കാമറ വരെയുള്ള ഇക്കാലത്ത് തങ്ങളുടെ പൂർവികർ പിന്തുടർന്നുവന്ന ആചാരം എന്തുവില കൊടുത്തും ഇവർ സംരക്ഷിക്കുന്നുവെന്നുള്ളതാണ് പൊതുജനങ്ങളുടെ അഭിമാനമെന്നും ചിലർ പറഞ്ഞു.
Tags : Madhya Pradesh Police Morena ASI Rambabu Niboriya