കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷം വിളംബരം ചെയ്തുകൊണ്ട് വർണശബളമായ റാലി ഇന്നു വൈകുന്നേരം അഞ്ചിന് കോട്ടയം ലൂർദ് പള്ളി പരിസരത്ത് ഫ്ലാഗ്ഓഫ് ചെയ്യും.
പൊതുരംഗത്തുള്ളവരും ദീപിക കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കുന്ന റാലി തിരുനക്കര പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
തുടർന്ന് 140-ാം വാർഷികത്തെ സൂചിപ്പിച്ച് 140 ദീപങ്ങൾ തെളിക്കും. ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനത്തിൽ വിഖ്യാത ശാസ്ത്രജ്ഞനും മഹാത്മാഗാന്ധി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ പ്രഫ. ഡോ. സാബു തോമസ് സന്ദേശം നൽകും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
1887ൽ കേരളക്കരയ്ക്കു വിഷുക്കണിയായി പിറവികൊണ്ട മലയാളത്തിന്റെ പത്രമുത്തശിയുടെ 140-ാം ജന്മവാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു.
ശതോത്തര റൂബി ജൂബിലി ലോഗോ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു.
Tags : Deepika Centenary Ruby Jubilee Proclamation Rally