തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ പൂർത്തിയായി മണിക്കൂറുകൾ പിന്നിട്ടിട്ടും വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് നീളുന്നു. ചില പ്രധാന വകുപ്പുകളെച്ചൊല്ലി കോൺഗ്രസും രണ്ടാം കക്ഷിയായ മുസ്ലിം ലീഗും തമ്മിൽ തർക്കം നിലനിൽക്കുന്നതാണ് ഈ കാലതാമസത്തിന് കാരണം. വകുപ്പുകളുടെ അന്തിമ പട്ടിക ഇതുവരെ രാജ്ഭവന് (ലോക്ഭവൻ) കൈമാറിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളെച്ചൊല്ലിയാണ് മുന്നണിക്കുള്ളിൽ പ്രധാനമായും ചർച്ചകളും തർക്കങ്ങളും നടക്കുന്നത്. കോൺഗ്രസിലെ റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ആദ്യ തീരുമാനം. എന്നാൽ ഈ വകുപ്പ് തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകണമെങ്കിൽ, മുൻപ് കോൺഗ്രസ് കൈവശം വെച്ചിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് നൽകണമെന്ന കടുത്ത ഉപാധിയാണ് അവർ മുന്നോട്ടുവെച്ചത്.
എന്നാൽ, തീരദേശ മേഖലകളിൽ ലത്തീൻ സഭ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ലീഗിന് ഈ വകുപ്പ് നൽകുന്നതിൽ കോൺഗ്രസിനുള്ളിൽ ശക്തമായ എതിർപ്പുണ്ട്.
മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനത്തിലെത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിന് ഒടുവിൽ കൃഷി വകുപ്പ് നൽകാനാണ് നേതൃത്വം തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിന് ഈ വകുപ്പ് ഏറ്റെടുക്കുന്നതിൽ താൽപര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മുന്നണിയിലെ മറ്റ് മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. തർക്കങ്ങൾ പരിഹരിച്ച് എത്രയും വേഗം അന്തിമ പട്ടിക രാജ്ഭവന് കൈമാറാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ ശ്രമം.
Tags : VD Satheesan cabinet Muslim League Latest News