കൊച്ചി: പരാതി നല്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി ഗാര്ഹിക പീഡനക്കേസുകള് ഒഴിവാക്കാനാകില്ലെന്നു ഹൈക്കോടതി. ഭാര്യ പരാതി നല്കുന്നതില് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭര്ത്താവിന്റെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചാണ് കോടതി ഉത്തരവ്.
വൈവാഹിക ക്രൂരത ഒരു തുടര്ച്ചയായ കുറ്റകൃത്യമാണ്. ഇരയുടെ കഷ്ടപ്പാട് ഒറ്റപ്പെട്ട സംഭവത്തില് അവസാനിക്കുന്നതല്ല. ദാമ്പത്യത്തിനുള്ളിലെ പീഡനവും ക്രൂരതയും ഒറ്റപ്പെട്ടതായി കാണാന് കഴിയില്ലെന്നും ജസ്റ്റീസ് എം.ബി. സ്നേഹലത അഭിപ്രായപ്പെട്ടു.
സ്ത്രീകള് ദീര്ഘകാലം ക്രൂരത സഹിച്ച ശേഷമാണ് പരാതി നല്കാന് തീരുമാനിക്കുന്നത്. കേസ് റിപ്പോര്ട്ട് ചെയ്യുന്നതിലെ കാലതാമസം പരാതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കില്ല.
ഹര്ജിക്കാരനും അമ്മയ്ക്കും എതിരേയാണ് കുറ്റങ്ങള് ചുമത്തിയത്. വിചാരണ കോടതിയിൽ ഇരുവരും ശിക്ഷിക്കപ്പെട്ടു. അപ്പീലില്, ഹര്ജിക്കാരന്റെ അമ്മയെ കുറ്റവിമുക്തയാക്കിയെങ്കിലും ഹർജിക്കാരനെ ശിക്ഷിച്ചു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Tags : Kerala High court violence cases dismissed Domestic