തൃശൂര്‍: തൃശൂർപൂരത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി. അതേസമയം സ്ഫോടനമുണ്ടായ മുണ്ടത്തിക്കോട് രാത്രി വൈകി വീണ്ടും പൊട്ടിത്തെറിയുണ്ടായി.
ഇതോടെ സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവർ ഉണ്ടെങ്കിൽ108 നമ്പരിൽ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലൻസുകൾ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ കുളത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനും സ്ഫോടക വസ്തുക്കൾ പരിശോധിക്കാനുമായി കെടാവർ നായ്ക്കളെ എത്തിക്കാനും നടപടികൾ ആരംഭിച്ചു. സ്ഫോടനം നടന്ന പാടത്തിന് സമീപത്തെ വീടുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. പല വീടുകളുടെയും ജനലുകൾ തകർന്നു.
തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി സാമഗ്രികൾ ഇപ്പോഴും പലഭാഗത്തായി ചിന്നിചിതറി കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹ ഭാഗങ്ങളും ഇപ്പോഴും പ്രദേശത്തുണ്ട്. അപകടം പൂർണമായും ഒഴിവായിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.