കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭാ എത്തിക്സ് കമ്മിറ്റി നടത്തുന്ന നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. സഭയുടെ ആഭ്യന്തര നടപടികളിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ തീരുമാനം.
വാമനപുരം എംഎൽഎ ഡി.കെ. മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എത്തിക്സ് കമ്മിറ്റി രാഹുലിനെതിരെ നടപടികൾ ആരംഭിച്ചത്. എന്നാൽ ഈ നടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജെയ്സിംഗ് ആണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.
നിയമസഭയ്ക്കുള്ളിലെ അച്ചടക്ക നടപടികളിലും സമിതികളുടെ തീരുമാനങ്ങളിലും കോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളൂ എന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാകുമെന്ന് വ്യക്തമാക്കി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സഭാ സമിതിയുടെ അന്വേഷണം തടസമില്ലാതെ തുടരാം.
Tags : Legislative Assembly Ethics Committee Rahul Mamkoottathil