പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തപ്പോൾ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വൻലഹരി വേട്ട. എട്ട് ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശമുള്ള കൊച്ചീത്തറ ബിൽഡിംഗിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്.
കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത് ലാൽ രക്ഷപ്പെട്ടു. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് നടത്തിയ തെരച്ചിലിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പ്രതിയുടെ വീട്ടിൽ നിന്ന് പിടികൂടിയ ആഡംബര കാറിലും ചാക്കുകളിൽ നിറച്ച നിലയിൽ ഹാൻസുണ്ടായിരുന്നു. ഏകദേശം എട്ട് ലക്ഷം രൂപ വില വരുന്ന ഹാൻസാണ് പിടികൂടിയത്.നേരത്തെയും നിരോധിത പുകയില ഉത്പന്നം കച്ചവടം ചെയ്ത കേസിൽ പ്രതിയാണ് രഞ്ജിത് ലാൽ.
ഹാൻസ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
Tags : Crime Police Investigation CaseFile FIR