ആലുവ: ആലുവയുടെ അഭിമാനമായ നീന്തൽ പരിശീലകൻ സജി വാളാശേരിയെ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ 17 വർഷമായി സൗജന്യമായി പെരിയാറിൽ നീന്തൽ പഠിപ്പിക്കുന്ന സജിയുടെ ജീവിതം പ്രചോദനവും പാഠവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആലുവ മണപ്പുറം ദേശം കടവിൽ സജി വാളശേരിയുടെ നേതൃത്വത്തിൽ പെരിയാറിൽ 300 പേരുടെ മെഗാ ക്രോസിംഗ് നടന്ന അതേ ദിനത്തിലാണു പ്രധാനമന്ത്രിയുടെ പ്രശംസയെത്തിയത്. തുടർച്ചയായ 17ാം വർഷമാണ് സൗജന്യ പരിശീലനം നടന്നത്. എല്ലാ വർഷവും നവംബർ ഒന്നിന് ആരംഭിച്ച് മേയ് 31ന് അവസാനിക്കുന്ന നീന്തൽ പരിശീലനത്തിൽ മറ്റു ജില്ലകളിൽനിന്നുവരെ കുടുംബമായെത്തി പരിശീലനം നടത്തുന്നവരുണ്ട്.
ഈ വർഷം 3,620 പേർ സൗജന്യ നീന്തൽ പരിശീലനത്തിൽ പങ്കെടുത്തു. ഒരു ദിവസം 912 പേർ വരെ നീന്തൽ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് സജി ദീപികയോട് പറഞ്ഞു.
നീന്തലറിയാത്ത ഏതൊരാൾക്കും സൗജന്യമായി വന്ന് നീന്തൽ പരിശീലിക്കാവുന്ന സംവിധാനമാണ് ആലുവ മണപ്പുറം ദേശം കടവിൽ ഒരുക്കുന്നത്. കഴിഞ്ഞ 16 വർഷം കൊണ്ട് 14,100 പേരെ നീന്തൽ പരിശിലിപ്പിച്ചു. പത്തോളം ഭിന്നശേഷിക്കാരെയും നീന്തൽ പരിശീലിപ്പിച്ചു.
2025 സെപ്റ്റംബറിൽ സിംഗപ്പുരിൽ നടന്ന വേൾഡ് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി എസ് 2 കാറ്റഗറിയിൽ ഇന്ത്യയെ പ്രതിനിധീരിച്ച ആസിം വെളിമണ്ണ പെരിയാറിലാണു പരിശീലനം നേടിയത്.
ജന്മനാ രണ്ടു കൈകളില്ല, നട്ടെല്ലിനു വളവ്, ഒരു കാലിനു നീളം കുറവ് എന്നിവയാണ് ആസിമിന്റെ ശാരീരിക പരിമിതികൾ. 2025 നവംബറിൽ ഹൈദരാബാദിൽ നടന്ന ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ, 100 മീറ്ററിൽ കേരള ചാമ്പ്യനായ രതീഷിനെയും നീന്തൽ പരിശീലിപ്പിച്ചത് സജി വാളാശേരിയാണ്. രണ്ടരവയസിൽ പോളിയോ ബാധിച്ച് അരയ്ക്കു താഴേക്ക് തളർന്ന വ്യക്തിയാണു രതീഷ്.
Tags : Saji Valaseri Mann Ki Baat PM Modi swimming coach