തൃശൂർ: ആശാസമരത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്നു മന്ത്രി സജി ചെറിയാൻ.
മൂന്നു വർഷം അദ്ദേഹം വൈസ് ചെയർമാനും രണ്ടു വർഷം ചെയർമാനുമായി. അതു ചെറിയ കാര്യമല്ല. കാലാവധി തീർന്നപ്പോഴാണ് ഭാരവാഹികളെ മാറ്റിയത്. ആശാ സമരത്തെക്കുറിച്ചു സംസാരിച്ചതു ഞാൻ അറിഞ്ഞിട്ടില്ല. ആശമാർക്ക് ആയിരം രൂപ കൂട്ടിക്കൊടുത്തിട്ടുണ്ട്. അനിഷ്ടമുണ്ടെങ്കിൽ അതിന്റെ കാര്യമില്ലല്ലോ?
‘ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷക്കാരനാണ്’ പ്രേംകുമാർ. ഇന്നുവരെ ഇടതുവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. മികച്ച രീതിയിൽ പ്രവർത്തിച്ചു. സ്നേഹിച്ചാണ് കൂടെനിർത്തിയത്. അദ്ദേഹത്തിനെന്തെങ്കിലും പ്രയാസമുണ്ടെന്നു തോന്നുന്നില്ല.
സാംസ്കാരിക വകുപ്പിന്റെ കാലാവധി ഇനി ആറു മാസംമാത്രമാണ്. രണ്ടു മാസം പഞ്ചായത്തു തെരഞ്ഞെടുപ്പും രണ്ടു മാസം നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതിനിടെ പ്രേംകുമാറിനെ കൂടുതൽ പരിഗണിക്കുന്നതെങ്ങനെ? അദ്ദേഹത്തേക്കാൾ മികച്ചയാളുകൾ ഇല്ലാഞ്ഞിട്ടല്ല പരിഗണന നൽകിയത്. അദ്ദേഹം ഞങ്ങൾക്കൊപ്പം സഞ്ചരിച്ചു. ഇപ്പോഴും സഞ്ചരിക്കുന്നു.
കാലാവധി കഴിഞ്ഞപ്പോൾ പുതിയ സംഘത്തെ ചുമതലപ്പെടുത്തി. അവർ മോശക്കാരല്ലെന്നു മാധ്യമങ്ങളും പറയുന്നു. പിന്നെന്താണു പ്രശ്നമെന്നും സജി ചെറിയാൻ ചോദിച്ചു.