കൊച്ചി: കേരളം നേരിട്ട മഹാപ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ധീവര സമുദായത്തെ 'കേരളത്തിന്റെ സ്വന്തം സൈന്യം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയസമയത്ത് സൈന്യത്തിന് പോലും എത്തിപ്പെടാൻ കഴിയാത്ത ദുർഘടമായ ഇടങ്ങളിൽ സ്വന്തം വള്ളങ്ങളുമായി എത്തിയ ധീവര യുവാക്കളുടെ ധീരതയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "കടലിന്റെ മക്കൾ കരയുടെ കാവൽക്കാരായി മാറിയ കാഴ്ചയാണ് നമ്മൾ കണ്ടത്. ആ സേവനമനോഭാവം ഇന്ത്യക്കാകെ മാതൃകയാണ്," അദ്ദേഹം പറഞ്ഞു.
പ്രസംഗത്തില്‍ പണ്ഡിറ്റ് കറുപ്പനെയും അമൃതാനന്ദമയിയെയും അടക്കം പ്രധാനമന്ത്രി ഉള്‍പ്പെടുത്തി.
'നമ്മുടെ സംസ്ഥാനത്തിന്റെ കേരള എന്ന പേര് മാറ്റി കേരളം എന്ന് ആയിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. നിങ്ങള്‍ എല്ലാവരുടെയും മുഖത്ത് അതിന്റെ സന്തോഷം കാണാം. എല്ലാ കേരളം നിവാസികള്‍ക്കും ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.'- മോദി പറഞ്ഞു.
കേന്ദ്ര സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിലെ മത്സ്യമേഖലയുടെ പുരോഗതിക്കായി മാത്രം 1400 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവച്ചിരിക്കുന്നത്.
ഫിഷർമാൻ കോപ്പറേറ്റീവ് സൊസൈറ്റികൾ വഴിയും മത്സ്യ ഉത്പാദന സഹകരണ സംഘങ്ങൾ വഴിയും ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം ധീവര സമുദായത്തിന് ലഭ്യമാക്കും.
സമുദ്രവിഭവങ്ങളെ ഉപയോഗപ്പെടുത്തിയുള്ള 'ബ്ലൂ ഇക്കണോമി' എന്ന ആശയത്തിലേക്ക് കേരളത്തിലെ യുവാക്കൾ കടന്നുവരണമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികൾ കടലിൽ നേരിടുന്ന അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ വഴി കടലിൽ പോകുന്ന ഓരോ തൊഴിലാളിയുടെയും സുരക്ഷ ഉറപ്പാക്കുമെന്നും കരയിലിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശങ്കയകറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും വ്യക്തമാക്കി.
Tags : Prime Minister Fishermen