ആട്ടിൻതോലിട്ട ചെന്നായ്ക്കൾ: മന്ത്രി വാസവൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരെയും വിശ്വാസികളെയും അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും രംഗത്തെത്തിയതില്‍ അദ്ഭുതപ്പെടാനില്ലെന്ന് മന്ത്രി വി.എന്‍. വാസവന്.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അവഹേളിച്ച് പി.സി. ജോര്‍ജ് നേരത്തെയും രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പു സമയത്ത് കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരുമെല്ലാം സഭാ കവാടങ്ങളില്‍ കാത്തുനില്ക്കും.
വോട്ടെടുപ്പ് കഴിഞ്ഞാല്‍ തനി സ്വഭാവം കാണിക്കും. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്നതാണ് ബിജെപി രീതിയെന്നും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് ഇക്കൂട്ടരെന്ന് തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വൈദികരെയും കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നവരുടെ പാര്‍ട്ടിയിലാണ് ഇരുവരുമെന്നും അവരില്‍നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: ദീപികയ്ക്കും ബിഷപ്പുമാർക്കുമെതിരേ ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് ആന്റോ ആന്റണി എംപി.
ഒരു നൂറ്റാണ്ടിലേറെക്കാലം കർഷകരുടെയും മതന്യൂനപക്ഷങ്ങളുടെയും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരുടെയും ശബ്ദമായി നിൽക്കുകയും കേരളത്തിലെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ വ്യക്തമായ ദിശാബോധം നൽകുകയും ചെയ്ത മാധ്യമമാണ് ദീപിക.
ദീപിക സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളണമെന്നാണ് ബിജെപിയും പി.സി. ജോർജും ചിന്തിക്കുന്നതെങ്കിൽ അത് ദിവാസ്വപ്നമാണെന്ന് ആന്റോ ആന്റണി അഭിപ്രായപ്പെട്ടു.

തൊടുപുഴ: കത്തോലിക്കാ സഭയെ വിരട്ടാനുള്ള പി.സി. ജോര്‍ജിന്റെയും മകന് ഷോൺ ജോർജിന്റെയും നീക്കം വിലപ്പോവില്ലെന്ന് മാത്യു കുഴല്നാടന് എംഎൽഎ. ആസൂത്രിതമായ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായാണ് ഇരുവരുടെയും പ്രതികരണങ്ങൾ.
സഭയെ കടന്നാക്രമിച്ചത് പെട്ടെന്നുള്ള ഒരു പ്രതികരണമായി കാണേണ്ടതില്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും ശബ്ദമാണ് ഇവരിലൂടെ പുറത്തുവരുന്നത്. ഇത്തരക്കാരെ രംഗത്തിറക്കി ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കാമെന്ന് വിചാരിക്കേണ്ട.
രണ്ടായിരം വര്‍ഷം പാരമ്പര്യമുള്ള സഭ ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങുമെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണ്. ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് സഭ മുന്നോട്ടു പോയിട്ടുള്ളത്. വിസ്മരിക്കാന്‍ കഴിയാത്ത സംഭാവനകളാണ് സഭ കേരളത്തിനു നല്‍കിയിട്ടുള്ളതെന്ന കാര്യം മറക്കരുതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

തൊടുപുഴ: പി.സി.ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും ബിഷപ്പുമാരെയും വിശ്വാസികളെയും അപമാനിച്ച് നടത്തുന്ന പ്രസ്താവനകൾ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രീണിപ്പിച്ച് സ്ഥാനമാനങ്ങള്‍ നേടാനാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.
തികഞ്ഞ മതേതര ജനാധിപത്യ ചിന്തയില്‍ അടിയുറച്ച് സേവനം ചെയ്യുന്ന സമൂഹത്തെയാണ് ഇരുവരും ആക്ഷേപിച്ചത്. ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയെന്നതാണ് ബിജെപിയുടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാട്.
എഫ്സിആര്‍എ ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷ എംപിമാര്‍ ഒന്നടങ്കം പ്രതിഷേധിച്ചതുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിൽ ചര്‍ച്ച ഒഴിവായത്. ഈ നിയമം തുടര്‍ന്നു പരിഗണിക്കില്ലെന്ന് പറയാന്‍ ബിജെപി തയാറുണ്ടോ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് സീറ്റിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കും. 10 വര്‍ഷത്തെ ഇടതു ദുര്‍ഭരണത്തിനെതിരായാണ് ജനം വിധിയെഴുതിയത്. പോളിംഗ് ശതമാനം ഉയര്‍ന്നതും യുഡിഎഫിന് അനുകൂലമാണെന്നു ഡീൻ കുര്യാക്കോസ് അവകാശപ്പെട്ടു.

കോട്ടയം: ക്രൈസ്തവ സഭകളെ ആക്ഷേപിക്കുകയും സഭാ മേലധ്യക്ഷന്മാരെ വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കളായ പി.സി. ജോര്‍ജിന്റെയും മകന് ഷോണ്‍ ജോര്‍ജിന്റെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നിരന്തരമായ പീഡനങ്ങളാണ് നടന്നു വരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും എതിരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്നു.
മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് ക്രൈസ്തവ പുരോഹിതന്മാരെയും കന്യാസ്തീകളെയും രാജ്യദ്രോഹ കുറ്റംചുമത്തി ജയിലില്‍ അടയ്ക്കുന്നു. ഏറ്റവും ഒടുവില്‍ എഫ്സിആര്‍എ നിയമ ഭേദഗതി കൊണ്ടു വന്ന് മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കൂച്ച് വിലങ്ങ് ഇടാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു.
ഇത്തരം അന്യയമായ നടപടികള്‍ക്ക് എതിരെ പ്രതികരിക്കുന്ന സഭാ മേലധ്യക്ഷന്മാരെ പരസ്യമായി ആക്ഷേപിക്കുകയും ഭീഷ ണിപ്പെടുത്തുകയും ചെയ്യുന്നത് തെറ്റായ നടപടിയാണ്. ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്ന കൈസ്തവ സഭാമേലധ്യക്ഷന്മാരെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ: ദീപിക പത്രം സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമല്ല പൊതുജനങ്ങളില്‍ എത്തിക്കുന്നതെന്നും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നും കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി എംപി. ദീപിക പത്രത്തിനെതിരേയുള്ള ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ വിമര്‍ശനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം, റബര്‍ വിലയിടിവ്, ഛത്തീസ്ഗഡ് തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടുന്നതിന് ആവശ്യമായ നിലപാടുകളും സമീപനങ്ങളുമാണ് ദീപിക മുന്നോട്ടു വയ്ക്കുന്നതെന്നു പറഞ്ഞ അദ്ദേഹം സഭയോട് അത്ര സ്നേഹമുണ്ടായിരുന്നുവെങ്കില്‍ എഫ്സിആര്‍എ ബില്‍ കൊണ്ടുവന്നത് എന്തിനാണെന്നും ചോദിച്ചു.
സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകള്‍ രാഷ്ട്രീയമായി വലിച്ചിഴയ്ക്കുന്നതു ശരിയല്ല. ക്രൈസ്തവ സഭയും മേലധ്യക്ഷന്മാരും സാമൂഹ്യവിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയമായി വലിച്ചിഴയ്ക്കുന്നത് വിശ്വാസികള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളനാണയങ്ങളെയും മുഖംമൂടി ധരിച്ചവരെയും ജനം തിരിച്ചറിയുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

പാലാ: പരാജയം ഉറപ്പായതോടെ സഭയ്ക്കും ദീപികയ്ക്കുമെതിരെ ഷോണ്‍ ജോര്‍ജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മാണി സി. കാപ്പന് എംഎല്‍എ.
സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ഇവരുടെ സമീപനമാണ് പ്രസ്താവനയിലൂടെ പുറത്തുവന്നത്. പരാജയം ഉറപ്പായതോടെ അതിന്റെ ഉത്തരവാദിത്വം സഭയുടെ മേല്‍ ചാരാനാണ് ഷോണ്‍ ശ്രമിക്കുന്നത്. ഇത്തരക്കാരെ പ്രതിരോധിക്കുവാനും നിലയ്ക്കു നിര്‍ത്തുവാനുമുള്ള ഉത്തരവാദിത്വവും ആര്‍ജ്ജവവും യുഡിഎഫിനുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ ഇന്ത്യയില്‍ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവര്‍ത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോണ്‍ ജോര്‍ജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍ പേജ് ശൂന്യമായി ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോണ്‍ ഈ ഭീഷണി ഉയര്‍ത്തിയതെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ സിപിഎമ്മിന്റെ തണലില്‍ ബിജെപി കേരളത്തില്‍ നടത്തിയ കടന്നുകയറ്റത്തിന് അന്ത്യം വരുമെന്നും അദേഹം പറഞ്ഞു.

ഈരാറ്റുപേട്ട: പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി.സി.ജോര്‍ജിന്റെയും,ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ.
ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകള്‍ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമായി കാണേണ്ടി വരും.
മത മേലധ്യക്ഷന്മാര് ആര്‍ക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവര്‍ക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം ക്രൈസ്തവ സഭ അംഗങ്ങള്‍ക്ക് ഉണ്ടെന്നും കുളത്തുങ്കല്‍ പറഞ്ഞു.
കോട്ടയം: പി.സി. ജോര്‍ജിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഓള് ഇന്ത്യ കാത്തലിക് യൂണിയന്. നിരന്തരമായി മെത്രാന്മാരെയും ക്രിസ്ത്യന്‍ സമുദായത്തെയും വ്യാജപ്രചരണങ്ങള്‍ നടത്തി അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജോർജിനെ നിലയ്ക്ക് നിര്‍ത്താന്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി തയാറാകണമെന്നും യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് സൈബി അക്കര ആവശ്യപ്പെട്ടു.
Tags : BJP leader P.C. George Various leaders statement protested