പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമലദർശനത്തെ വിമർശിച്ച് ആലത്തൂർ ഡിവൈഎസ്പി ആർ. മനോജ് കുമാർ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി അജിത്കുമാർ. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്നു ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ഹൈക്കോടതിവിധി കാറ്റിൽപറത്തി, പലവിധ ആചാരലംഘനങ്ങൾ നടത്തിയാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും ശബരിമലസന്ദർശനം നടത്തിയതെന്നായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ ഉള്ളടക്കം. ‘സംഘ്പരിവാറും കോണ്‍ഗ്രസും എന്തുകൊണ്ട് ഇക്കാര്യത്തിൽ നാമജപയാത്ര നടത്തുന്നില്ല. പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആണെങ്കിൽ എന്തായിരിക്കും പുകിൽ. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല, എല്ലാം രാഷ്ട്രീയമാണ്’ എന്നായിരുന്നു ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസ്.
വിവാദമായതിനുപിന്നാലെ ഡിവൈഎസ്പി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു. ട്രെയിൻയാത്രയ്ക്കിടെ വാട്സാപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണു ഡിവൈഎസ്പിയുടെ വിശദീകരണം.
Tags : WhatsApp status DYSP clarification