ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
പാലക്കാടുനിന്നു തിരുവനന്തപുരത്തേക്ക് പോകാനായി മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു പാലക്കാട് സ്വദേശിനിയായ യുവതി. കൊച്ചിയിൽനിന്നും ബസിൽ കയറിയ പ്രതി യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ബസ് നേരിട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : woman grabbed Minnal bus arrested ksrtc