ചക്കിയുടെ വീടെന്ന സ്വപ്നം മഴക്കാലത്തിന് മുൻപും പൂർത്തിയാകില്ല
Thursday, May 28, 2020 11:35 PM IST
നിലന്പൂർ: വൃദ്ധയും രോഗിയുമായ ചക്കി സർക്കാരിൽ നിന്നുള്ള വീടിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. നിലന്പൂർ നഗരസഭയുടെ ലൈഫ് ഭവനപദ്ധതിയിൽ വീടിനപേക്ഷിച്ച് പ്രവൃത്തി തുടങ്ങിയതോടെ പഴയ വീട് ഭാഗികമായി പൊളിച്ചിരുന്നു. നിലന്പൂർ നഗരസഭയിലെ രാമംകുത്ത് എസ്‌സി കോളനിയിലെ പനക്കൽ വീട്ടിൽ ചക്കി(78)ക്ക് ഇപ്പോൾ പഴയ വീടുമില്ല, പുതിയതുമില്ല എന്ന നിലയിലാണ്.
നടക്കാനാവാത്ത ചക്കിക്ക് പുറത്ത് പോവണമെങ്കിൽ നിരങ്ങി നീങ്ങാനേ കഴിയു. അതല്ലെങ്കിൽ വാഹനം വിളിക്കണം. വീടിന്‍റെ നിർമാണത്തിനാവശ്യമായ പണം അനുവദിച്ചിട്ടുണ്ടോ എന്നറിയാൻ നഗരസഭയിലെത്തണമെങ്കിലും മറ്റൊരാളുടെ സഹായം അത്യവാശ്യമാണ്. വീടിന്‍റെ നിർമാണത്തിനാവശ്യമായ ആദ്യഗഡു 60,000 രൂപ ലഭിച്ചു. രണ്ടാം ഗഡു 70,000 രൂപയും കിട്ടി.
അതിനുള്ള പ്രവൃത്തികളും പൂർത്തിയാക്കി. വീടിന്‍റെ പ്രധാന വാർപ്പ് തീർക്കാൻ അടിയന്തിരമായി ഒന്നൊര ലക്ഷം രൂപ കൂടി അനുവദിക്കണം. എന്നാൽ, നഗരസഭയിലേക്ക് നടന്നത് മിച്ചം. പണം മാത്രം ലഭിച്ചില്ല. ഏറെ നാൾ ശ്രമിച്ചിട്ടാണ് രണ്ടാം ഗഡു കിട്ടിയിരുന്നതും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ചക്കി. ഒരു രോഗിയായ മകൻ മാത്രമാണ് ചക്കിയുടെ കൂടെ താമസിക്കുന്നത്. രണ്ട് പെണ്‍മക്കളും വിവാഹം കഴിച്ചവരാണ്.
ഇതേ കോളനിയിലെ പനക്കൽ വീട്ടിൽ രാമന്‍റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഒന്നൊരമാസം നഗരസഭയിലേക്ക് നടന്നാണ് രണ്ടാം ഗഡു ലഭിച്ചിരുന്നത്.
വീടിന്‍റെ ലിൻഡൽ വാർത്ത് നിർത്തിയിരിക്കുകയാണിപ്പോൾ. രാമനും തന്‍റെ അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.