പ്രതീകാത്മക ചിത്രം
യാത്രകൾക്കിടയിൽ നാഴികക്കല്ലുകളിലേക്കും ദിശാസൂചക ബോർഡുകളിലേക്കും നോക്കുമ്പോൾ പലപ്പോഴും നമുക്കൊരു അപരിചിതത്വം തോന്നാറുണ്ട്. വർഷങ്ങളായി മനസിൽ പതിഞ്ഞുകിടന്ന നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾക്ക് പകരം പുതിയ പേരുകൾ തെളിഞ്ഞുനിൽക്കുന്നു.
2014-ൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങളുടെ പേരുകളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.
ഉത്തർപ്രദേശിലാണ് ഈ മാറ്റങ്ങൾ ഏറ്റവുമധികം പ്രകടമായത്. ത്രിവേണി സംഗമത്തിന്റെ നാടായ അലഹബാദ് അതിന്റെ പൗരാണിക നാമമായ പ്രയാഗ്രാജ് എന്നതിലേക്ക് മടങ്ങിയെത്തിയതായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. തൊട്ടുപിന്നാലെ ഫൈസാബാദ് ജില്ല അയോധ്യ എന്ന പേരിലേക്ക് മാറി.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സ്ഥലനാമങ്ങൾ മാറി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഛത്രപതി സംഭാജി നഗർ എന്നും, ഒസ്മാനാബാദ് അതിന്റെ പുരാതന നാമമായ ധാരാശിവ് എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. അഹമ്മദ്നഗർ അഹല്യാനഗറായും, ഇസ്ലാംപൂർ ഈശ്വർപൂരായും മാറി. മധ്യപ്രദേശിലാകട്ടെ, നർമ്മദാ നദീതീരത്തെ ഹോഷംഗാബാദ് നർമ്മദാപുരമായി മാറി.
ഹരിയാനയിലെ ഗുഡ്ഗാവ് ഗുരുഗ്രാം ആയും മേവാത് നൂഹ് ആയും മാറി. ഛത്തീസ്ഗഢിന്റെ പുതിയ തലസ്ഥാന നഗരമായ നവ റായ്പൂർ അടൽ നഗർ എന്നറിയപ്പെടാൻ തുടങ്ങി. ആസാമിലെ കരിംഗഞ്ച് ശ്രീഭൂമി ആയതും ഒഡീഷയിലെ കട്ടക്ക് കടക എന്ന തനത് ഉച്ചാരണത്തിലേക്ക് മാറിയതും ഈ പട്ടികയിലെ പ്രധാന മാറ്റങ്ങളാണ്.
ഇപ്പോൾ ഇതാ പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കി മാറ്റാനുള്ള നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി.
Tags : Places Name Cities Addresses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash