കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഏക സിവിൽ കോഡ് (യുസിസി) മാറുന്നു. അധികാരത്തിലെത്തിയാൽ ആറുമാസത്തിനകം നിയമം നടപ്പാക്കുമെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിൽ ബിജെപിയുടെ വാഗ്ദാനം.
ഹൈന്ദവവോട്ടുകളുടെ ഏകീകരണമാണു ലക്ഷ്യം. ഇതിനെതിരേ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. യുസിസി ഭീതിയിലായ ന്യൂനപക്ഷങ്ങളുടെ രക്ഷകയെന്ന പ്രതിഛായ സൃഷ്ടിക്കാണ് മമതയുടെ ശ്രമം.
മതം കണക്കിലെടുക്കാതെ ബംഗാളിലെ ജനങ്ങൾക്ക് ഒരു നിയമമേ ഉണ്ടാകൂ എന്നാണു ബിജെപിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. ബിജെപി ഭരണത്തിലുള്ള നിരവധി സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നു. യുസിസിക്കു പുറമേ അതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും പശുക്കടത്തും തടയും എന്നതിലൂടെ അതിർത്തി സുരക്ഷിതമാക്കുമെന്ന വാഗ്ദാനവും പ്രകടനപത്രികയിൽ ബിജെപി മുന്നോട്ടുവയ്ക്കുന്നു.
മതത്തിന്റെ പേരിലുള്ള പ്രശ്നമല്ല മറിച്ച് ഭരണഘടനാപരമായ സമത്വമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. യുസിസി എന്ന ആശയം ബിജെപിയുടേതല്ല മറിച്ച് ഭരണഘടനാ അസംബ്ലിയുടേതാണ്. പ്രീണനരാഷ്ട്രീയം മൂലം ഇതുവരെ സർക്കാരുകൾ അത് നടപ്പാക്കാൻ മടിച്ചു. ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കിയതിന്റെ മാതൃക പരിശോധിച്ച് ബംഗാളിലും തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വർഗീയമാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് തൃണമൂൽ നേതൃത്വം പ്രതികരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കാന് കണക്കുകൂട്ടിയുള്ള ശ്രമമാണിത്. ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിച്ച് ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണു ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ബഹുസ്വര സാമൂഹ്യഘടനയെയാണ് യുസിസി വെല്ലുവിളിക്കുന്നതെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരിഷ്കാരത്തിന്റെ മറവിൽ ഭൂരിപക്ഷ അജണ്ട അടിച്ചേൽപ്പിക്കാനാണ് നീക്കം.
ബിജെപി നീക്കം മുസ്ലിം വോട്ടുകളെ ഏകീകരിപ്പിക്കുമെന്നും അത് ഗുണംചെയ്യുമെന്നുമാണ് തൃണമൂൽ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുസ്ലിം ഭൂരിപക്ഷ മേഖലകളായ മുർഷിദാബാഗ്, മാൽഡ, നോർത്ത് ദിനാജ്പുർ, നോർത്ത് 24 പർഗനാസ് മേഖലകളിൽ ഇന്ത്യ സെക്യുലർ ഫ്രണ്ട്, എഐഎംഐഎം, മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറിന്റെ ചെറുപാർട്ടി തുടങ്ങിയവയെല്ലാം യുസിസിയുടെ പേരുപറഞ്ഞ് മുസ്ലിം വിഭാഗത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന മുസ്ലിം ജനതയുടെ തീരുമാനം ആയിരിക്കും ഇക്കാര്യത്തിൽ നിർണായകം.
294 അംഗ സഭയിൽ 110 സീറ്റുകളിലെങ്കിലും മുസ്ലിം വിഭാഗം നിർണായക ശക്തിയാണ്. ഈമാസം 23, 29 തീയതികളിലാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്.
Tags : Assembly elections UCC Bengal dominates