ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമാണ് ദക്ഷിണ കോൽക്കത്തയിലെ ഭബാനിപുർ മണ്ഡലം. സുവേന്ദു അധികാരി ബിജെപി ടിക്കറ്റിൽ മത്സരിക്കാനെത്തിയതോടെ ഭബാനിപുരിലെ മത്സരം രാജ്യശ്രദ്ധ നേടി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഏറ്റുമുട്ടുന്നുവെന്നതാണ് സവിശേഷത. ബുധനാഴ്ചയാണ് ഭബാനിപുരിൽ വിധിയെഴുത്ത്.
കോൽക്കത്ത നഗരസഭയിലെ എട്ടു വാർഡുകൾ ഉൾപ്പെടുന്ന ഭബാനിപുർ അറിയപ്പെടുന്നത് മിനി ഇന്ത്യ എന്നാണ്. ബംഗാളികൾക്കൊപ്പം ഒട്ടേറെ ഗുജറാത്തി, പഞ്ചാബി, സിക്ക്, മാർവാഡി, ജൈന വിഭാഗക്കാരും മണ്ഡലത്തിലുണ്ട്. മണ്ഡലത്തിലെ 42 ശതമാനം പേർ ബംഗാളി ഹിന്ദുക്കളാണ്. ബംഗാളി ഇതര ഹിന്ദുക്കൾ 34 ശതമാനമുണ്ട്. മുസ്ലിംകൾ 24 ശതമാനം വരും.
ഭബാനിപുരിലെ ഓരോ ബൂത്ത് തോറുമുള്ള കണക്ക് ബിജെപി എടുത്തിരുന്നു. മണ്ഡലത്തിൽ 26.2 ശതമാനം പേർ കായസ്ത വിഭാഗക്കാരാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കിഴക്കൻ ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ 14.9 ശതമാനവും മാർവാഡികൾ 10.4 ശതമാനവും ബ്രാഹ്മണർ 7.6 ശതമാനവും ബിജെപിയുടെ കണക്കിലുണ്ട്.
സമുദായ കണക്കിലാണ് ബിജെപിയുടെ ആത്മവിശ്വാസം
തീവ്ര വോട്ടർ പരിഷ്കരണത്തിനുശേഷം ഭബാനിപുരിൽനിന്ന് ഒഴിവാക്കപ്പെട്ടത് 47,000 വോട്ടുകളാണ്. ഇവയിലേറെയും തൃണമൂൽ കോൺഗ്രസിന് വോട്ടു ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടേതാണ്. എസ്ഐആറിനുശേഷം നീക്കിയ വോട്ടുകളിൽ 40 ശതമാനം മുസ്ലിംകളുടേതാണ്. ഇക്കാര്യത്തിൽ അല്പം ആശങ്ക തൃണമൂൽ കോൺഗ്രസിനുണ്ട്.
മമതയുടെ വീട് ഉൾപ്പെടുന്ന മണ്ഡലം എക്കാലവും തൃണമൂലിനൊപ്പം നിലകൊണ്ടു. 2011ലും 2016ലും മുഖ്യമന്ത്രിയായപ്പോൾ മമത വിജയിച്ചത് ഭബാനിപുരിൽനിന്നായിരുന്നു. 2021ൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയെ നേരിടാനെത്തിയതു മമതയ്ക്കു വിനയായി. തൃണമൂൽ തരംഗത്തിനിടെയും നന്ദിഗ്രാമിൽ മമത 1956 വോട്ടിനു തോറ്റു. ഭബാനിപുരിൽ വിജയിച്ച തൃണമൂൽ എംഎൽഎ സോവൻദേബ് ചതോപാധ്യായ മമതയ്ക്കായി സീറ്റൊഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് മമത ഭബാനിപുരിൽ വിജയിച്ചു. 2011ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴും ഭബാനിപുരിൽ മമത ഉപതെരഞ്ഞെടുപ്പിലൂടെയാണ് വിജയം നേടിയത്. സിറ്റിംഗ് എംഎൽഎ സുബ്രത ബക്ഷി മമതയ്ക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്തു.
ഇത്തവണ ഭബാനിപുരിൽ മമതയെ തറപറ്റിക്കുമെന്നാണ് സുവേന്ദു അധികാരിയുടെ അവകാശവാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭബാനിപുരിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കുന്നു. 1967ൽ മണ്ഡലത്തിന്റെ പേര് കാളിഘട്ട് എന്നായി. 1972ലെ ഡിലിമിറ്റേഷനുശേഷം ഇല്ലാതായ മണ്ഡലം 2011ലാണ് വീണ്ടും ഭബാനിപുർ എന്ന പേരിൽ പുനർജനിച്ചത്.
മണ്ഡലത്തിന്റെ ചരിത്രത്തിലിന്നുവരെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണു വിജയിച്ചിട്ടുള്ളത്. മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ സിദ്ധാർഥ് ശങ്കർ റേ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണിത്. മുതിർന്ന കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷി എതിരാളിയായി എത്തിയ 2016ലാണ് മമതയുടെ ഭൂരിപക്ഷം കുറഞ്ഞത്.
Tags : Bhabanipur mini India